ശബരിമല സ്വർണ്ണക്കൊള്ള;ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻ‌കൂര്‍ ജാമ്യ ഹര്‍ജി തള്ളി

ശബരിമല സ്വർണ്ണക്കൊള്ള;ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻ‌കൂര്‍ ജാമ്യ ഹര്‍ജി തള്ളി

ശബരിമല സ്വർണ്ണക്കൊള്ളയില്‍ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയ്ക്ക് തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻ കോടതി തള്ളി. ദ്വാരപാലകപ്പാളികേസില്‍ 4ാം പ്രതിയാണ് ജയശ്രീ. ബോർഡ് മുൻ സെക്രട്ടറി ആയ ജയശ്രീ മിനുട്ട്‌സില്‍ തിരുത്തല്‍ വരുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ജയശ്രീയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും. പാളികള്‍ കൊടുത്തുവിടാനുള്ള ദേവസ്വം ബോർഡ് മിനുട്ട്‌സില്‍ ആണ് തിരുത്തല്‍ വരുത്തിയത്. ചെമ്ബു പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിടണം എന്നായിരുന്നു ജയശ്രീ മിനുട്‌സില്‍ എഴുതിയത്.

ശബരിമല ശ്രീകോവിലിലെ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാംപിൾ ശേഖരിക്കാൻ ഹൈക്കോടതി അനുമതി. ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകാന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഈ മാസം 17ന് ഉച്ചപൂജയ്ക്കു ശേഷം സാംപിൾ‍ ശേഖരിക്കാനാണ് കോടതിയുടെ നിർദേശം.

ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ, ദ്വാരപാലക ശിൽപങ്ങൾ, വാതിൽപ്പാളികൾ തുടങ്ങിയവയെ പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളികൾ അഴിച്ചെടുത്ത് പിന്നീട് സ്വര്‍ണം പൂശി എന്നതിലാണ് പ്രത്യേകാന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഈ സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധന നടത്തി സ്വർണനഷ്ടം എത്രയുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് മണ്ഡലകാലത്തിനായി നട തുറക്കുന്നതിന്റെ തലേ ദിവസമായ നവംബർ 15നു മുമ്പ് പരിശോധന പൂർത്തിയാക്കാൻ കോടതി നിർദേശം നൽകി.

2019ൽ സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങള്‍, വാതില്‍പ്പാളികൾ തുടങ്ങിയവയുടെ സാംപിളുകൾ ശേഖരിക്കണം. അതോടൊപ്പം, 1998ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞതിന്റെ സാംപിളും എടുത്തു പരിശോധിക്കണം തുടങ്ങിയവയായിരുന്നു എസ്ഐടിയു‌ടെ ആവശ്യം. തുടർന്ന് ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ തന്ത്രിയുടെ അഭിപ്രായം തേടി.

ദേവന്റെ അനുജ്ഞ അനുസരിച്ചു വേണം സാംപിൾ എടുക്കാനെന്നും അതിന് നട തുറക്കണമെന്നും തന്ത്രി അഭിപ്രായപ്പെട്ടു. ഇക്കാര്യം സ്പെഷൽ കമ്മിഷണർ കോടതിയെ അറിയിച്ചു. ഇതോടെയാണ് നവംബര്‍ 17ന് ഉച്ചപൂജയ്ക്ക് ശേഷം സാംപിള്‍ എടുക്കാൻ കോടതി അനുമതി നൽകിയത്.

അതിനിടെ സ്വർണക്കൊള്ളയില്‍ 2019 ലെ വിവാദ ഫയലുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. എൻ വാസു ദേവസ്വം കമ്മീഷണർ ആയിരിക്കെ വാസുവിന്റെ ഓഫീസിലെ ശബരിമല സെക്ഷൻ ക്ലർക്കായിരുന്ന ശ്യാം പ്രകാശിനെയാണ് സ്ഥലം മാറ്റിയത്. ദേവസ്വം വിജിലൻസ് തിരുവനന്തപുരം സോണ്‍ ഓഫീസർ ആയിരുന്നു ശ്യാം പ്രകാശിനോട് അവധിയില്‍ പോകാൻ നിർദേശിച്ചിരുന്നു. നിർബന്ധിത അവധിക്ക് പിന്നാലെയാണ് ഇപ്പോള്‍ സ്ഥലംമാറ്റം. ദേവസ്വം വിജിലൻസില്‍ നിന്ന് വർക്കല ഗ്രൂപ്പിലേക്കാണ് ശ്യാം പ്രകാശിനെ സ്ഥലംമാറ്റിയത്. വർക്കല അസിസ്റ്റന്റ് ദേവസം കമ്മീഷണർ ആയിട്ടാണ് സ്ഥലംമാറ്റം