വോട്ടെടുപ്പിന് 5 നാൾ മാത്രം; പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും

വോട്ടെടുപ്പിന് 5 നാൾ മാത്രം; പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും

വിധിനിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ശേഷിക്കുന്നത് 5 നാള്‍ മാത്രം. ഏപ്രില്‍ 9നാണ് ജനവിധി. ഫലമറിയാന്‍ മെയ് 4 വരെ കാത്തിരിക്കണം. സംസ്ഥാനത്ത് വേനല്‍ച്ചൂടിനൊപ്പം രാഷ്ട്രീയ താപനില പാരമ്യത്തിലുമാണ്. ദേശീയ നേതാക്കളെ ഇറക്കിയാണ് മൂന്ന് മുന്നണികളും അങ്കത്തട്ട് സജീവമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ നബീന്‍, നടി ഖുഷ്ബു, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, സച്ചിന്‍ പൈലറ്റ്, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവ് തുടങ്ങി പ്രമുഖരുടെ നീണ്ട നിര വിവിധ മുന്നണികള്‍ക്കായി കളത്തിലുണ്ട്.

ചുവരെഴുത്തുകള്‍, അനൗണ്‍സ്‌മെന്റുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ പൊതുയോഗങ്ങള്‍, റോഡ് ഷോകള്‍, നൈറ്റ് മാര്‍ച്ചുകള്‍, മോണിങ് വാക്കുകള്‍, ഫ്‌ളാഷ് മോബുകള്‍, ഡിജെ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രചാരണ തന്ത്രങ്ങളാണ് ഓരോ മുന്നണിയും പയറ്റുന്നത്.തിരഞ്ഞെടുപ്പ്, ജനാധിപത്യത്തിന്റെ ഉത്സവമായതിനാല്‍ അത് പരമാവധി കളറാക്കാന്‍ എല്ലാ പാര്‍ട്ടികളും പരിശ്രമിച്ചുവരികയാണ്.

അതേസമയം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ഓരോ സ്ഥാനാര്‍ത്ഥിക്കും ചെലവഴിക്കാവുന്ന തുക സംബന്ധിച്ച് പ്രത്യേക കണക്ക് കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഒരു സ്ഥാനാര്‍ത്ഥിക്ക് 40 ലക്ഷം രൂപ ചെലവഴിക്കാം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്.

ഇതുസംബന്ധിച്ച് റേറ്റ് ചാര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിട്ടുമുണ്ട്. പ്രചാരണത്തിന് ഉപയോഗിക്കുന്ന വിവിധ സാമഗ്രികള്‍ സംബന്ധിച്ചാണ് പട്ടിക. ഇതിന്റെ പകര്‍പ്പ് കലക്ടറേറ്റില്‍ ലഭ്യമാണ്. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെല്‍ ആന്‍ഡ് ഫിനാന്‍സ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നാണ് ഇത് ലഭിക്കുക. സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ചെലവ് കണക്കാക്കുന്നതിന്റെ ഭാഗമായാണ് റേറ്റ് ചാര്‍ട്ട് പുറത്തിറക്കിയിട്ടുള്ളത്.

  • ചെണ്ടമേളം: പ്രതിദിനം 5500 രൂപ (10 പേരുടെ സംഘം)
  • ശിങ്കാരി മേളം: 10,000 രൂപ
  • ബാന്‍ഡ് സെറ്റ്: 4500 രൂപ
  • നാദസ്വര സംഘം: 4000 രൂപ (മൂന്ന് പേരടങ്ങുന്ന സംഘം)
  • പഞ്ചവാദ്യം: 5000 രൂപ (പ്രതിദിനം)
  • മുത്തുക്കുട – 50 രൂപ
  • നെറ്റിപ്പട്ടം – 600 രൂപ
  • മള്‍ട്ടി കളര്‍ നോട്ടീസ്: 1300 രൂപ (1000 എണ്ണത്തിന്)
  • നോട്ടീസ് (ബ്ളാക്ക് ആന്‍ഡ് വൈറ്റ്) : 800 രൂപ (1000 എണ്ണത്തിന്)
  • ആര്‍ട്ടിസ്റ്റ് (ചുവരെഴുത്ത്): പ്രതിദിനം 1000 രൂപ
  • അലങ്കരിച്ച ജീപ്പ്/ കാര്‍: പ്രതിദിനം 4000 രൂപ
  • ഓഡിറ്റോറിയം: പ്രതിദിന വാടക : 12000 രൂപ
  • കൂളര്‍: 450 രൂപ (പ്രതിദിന നിരക്ക്)
  • എസി: ആദ്യ ദിവസം 1750, രണ്ടാം ദിവസം മുതല്‍ 150 രൂപ
  • തടിച്ചട്ടയുള്ള തുണി ബാനറുകള്‍: 450 രൂപ (ഒരു ചതുരശ്ര അടി)
  • തുണി ഉപയോഗിച്ചുള്ള കൊടി: ചതുരശ്ര അടിക്ക് 10 രൂപ
  • തുണി ബാനര്‍: 20 രൂപ
  • തുണി തൊപ്പി: 25 രൂപ (ഒരെണ്ണം)
  • പേപ്പര്‍ തൊപ്പി-10 രൂപ (ഒരെണ്ണം)
  • ബനിയന്‍-200 രൂപ (ഒരെണ്ണം)
  • ഡ്രോണ്‍ ക്യാമറ വാടക: 6000 രൂപ
  • കസേര (കൈ ഉള്ളത്): 8 രൂപ (പ്രതിദിന നിരക്ക്)
  • കസേര (കൈ ഇല്ലാത്തത്): 6 രൂപ
  • പോളിങ് ഏജന്റിനുള്ള വേതനം: പ്രതിദിനം 400 രൂപ
  • കൗണ്ടിങ് ഏജന്റിനുള്ള വേതനം: പ്രതിദിനം 400 രൂപ
  • പ്രഭാത ഭക്ഷണം: 45 രൂപ (അപ്പം, ഇഡ്ഡലി, കറി എന്നിവ)
  • ഉച്ചഭക്ഷണം/അത്താഴം: വെജ് 60 രൂപ,
  • നോണ്‍ വെജ് 100 രൂപ