തെറ്റുതിരുത്തല്‍ ലക്ഷ്യമിട്ട സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി വിവാദ നിഴലില്‍

തെറ്റുതിരുത്തല്‍ ലക്ഷ്യമിട്ട സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി വിവാദ നിഴലില്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം സംഘടനാതലത്തിലും പാർലമെൻററി കാതലായ ‘തെറ്റുതിരുത്തല്‍’ ലക്ഷ്യമിട്ട് കോഴിക്കോട്ട് നടക്കാനിരിക്കുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം തുടക്കത്തില്‍ തന്നെ വിവാദ നിഴലില്‍. പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ്, വീണ തൈക്കണ്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയതോടെയാണ് പാർട്ടി നേതൃത്വത്തെയും യോഗത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കിയത്.

പാർട്ടി ശക്തിപ്പെടുത്താനും തെറ്റായ പ്രവണതകള്‍ തിരുത്താനുമായി ചേരുന്ന നിർണായക യോഗം, ഒടുവില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് പ്രതിരോധ കവചമൊരുക്കുന്ന കേവല പിന്തുണാ യോഗമായി മാറുന്നുവെന്ന വിമർശനം അതിശക്തമായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ താഴെത്തട്ട് മുതല്‍ സംസ്ഥാന തലം വരെ നടത്തിയ ചർച്ചകളുടെയും അവലോകനങ്ങളുടെയും ക്രോഡീകരണമായിരുന്നു കോഴിക്കോട്ടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ പ്രധാന അജണ്ട.

പാർട്ടി പ്രവർത്തകരിലും നേതാക്കളിലും കണ്ടുവരുന്ന ജീർണതകള്‍, ജനങ്ങളില്‍ നിന്നുള്ള അകല്‍ച്ച, ഭരണത്തിലിരുന്നപ്പോള്‍ ഉണ്ടാകുന്ന പോരായ്മകള്‍ എന്നിവ തുറന്നുപറഞ്ഞ് തിരുത്തലുകള്‍ വരുത്താനാണ് യോഗം വിളിച്ചുചേർത്തത്. എന്നാല്‍, വിപുലീകൃത സംസ്ഥാന കമ്മിറ്റി തുടങ്ങാൻ ദിവസങ്ങള്‍ മാത്രം ബാക്കയുളളപ്പോള്‍ ഉയർന്നുവന്ന ഇ.ഡി നിർദ്ദേശം പാർട്ടിയുടെ മുൻഗണനകളെ ആകെ തലകീഴായി മറിച്ചിരിക്കുകയാണ്.

ഗുരുതരമായ അഴിമതി ആരോപണങ്ങളും കേന്ദ്ര ഏജൻസികളുടെ അന്വേഷണ ഭീഷണിയും നേരിടുന്ന ഉന്നത നേതാക്കളുടെ തണലില്‍ പാർട്ടി എന്ത് തെറ്റുതിരുത്തലാണ് നടത്താൻ പോകുന്നതെന്ന ചോദ്യം പൊതുസമൂഹത്തിലും ശക്തമായിട്ടുണ്ട്. പാർട്ടിയെയും നിയമസഭാ കക്ഷിയേയും നയിക്കുന്ന മുൻനിര നേതാക്കള്‍ തന്നെ അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി നില്‍ക്കുമ്പോള്‍ അണികളെയും കീഴ്ഘടകങ്ങളെയും തിരുത്താൻ പാർട്ടിക്ക് എന്ത് ധാർമിക അടിത്തറയാണ് ഉള്ളത് എന്ന ചോദ്യവും ഉയർന്നുവരുന്നുണ്ട്.

വിശാല സംസ്ഥാന കമ്മിറ്റിയില്‍ മുൻ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വിമർശനങ്ങള്‍ ഉയർന്നുവരുമോ അതോ രാഷ്ട്രീയ പ്രതിരോധം തീർത്ത് വിഷയത്തെ ലഘൂകരിക്കുമോ എന്നതും വലിയ ചോദ്യ ചിഹ്നമാണ്. തെറ്റുതിരുത്തല്‍ പ്രക്രിയ കേവലം പ്രഹസനമാണെന്നും, പാർട്ടിക്കുള്ളിലെ വ്യക്തികേന്ദ്രീകൃത ഭരണശൈലിയെ ചോദ്യം ചെയ്യാൻ നേതൃത്വം ഭയപ്പെടുന്നുവെന്നുമുള്ള ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ ഉറയ്ക്കാൻ ഇത് കാരണമാകുന്നു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലാണ് ഇ.ഡി നടപടിയെന്ന് അണികളെ ബോധ്യപ്പെടുത്താൻ നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും, നിരന്തരം ഉയർന്നുവരുന്ന അഴിമതി ആരോപണങ്ങള്‍ പാർട്ടി പ്രവർത്തകർക്കിടയിലും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

തെറ്റുകള്‍ സ്വയം വിമർശനപരമായി കണ്ട് തിരുത്തുന്നതിന് പകരം, ആരോപണങ്ങളെയെല്ലാം രാഷ്ട്രീയ ഗൂഢാലോചനയായി ചിത്രീകരിക്കുന്നത് ജനങ്ങളില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടാൻ മാത്രമേ ഉപകരിക്കൂ എന്ന വികാരവും ഒരു വിഭാഗം നേതാക്കള്‍ക്കും അണികള്‍ക്കുമിടയിലുണ്ട്. ചുരുക്കത്തില്‍, കോഴിക്കോട്ടെ വിപുലീകൃത സംസ്ഥാന കമ്മിറ്റി അവസാനിക്കുമ്പോള്‍ പാർട്ടി സ്വന്തം പോരായ്മകള്‍ തിരുത്തി തിരിച്ചുവരുമോ, അതോ ആരോപണവിധേയരായ നേതാക്കള്‍ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച്‌ രാഷ്ട്രീയമായി കൂടുതല്‍ പ്രതിരോധത്തിലാകുമോ എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്