കായംകുളം- തിരുവല്ല സംസ്ഥാനപാതയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ചെട്ടികുളങ്ങര കൈത തെക്ക് ശശി ഭവനത്തില്‍ പ്രസാദിന്റെയും (ബഹ്‌റൈന്‍) കണ്ണമംഗലം സൗത്ത് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ അധ്യാപിക ശശികലയുടെയും മകന്‍ പി പരമേശ്വര്‍ (18) ആണ് മരിച്ചത്. ചെങ്ങന്നൂര്‍ കൊഴുവല്ലൂര്‍ സെന്റ് തോമസ് എന്‍ജിനീയറിങ് കോളേജിലെ ഒന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്നു. ബുധനാഴ്ച രാവിലെ 8.20-ന് ചെട്ടികുളങ്ങര ക്ഷേത്ര ജങ്ഷന് വടക്കുഭാഗത്തുവെച്ചായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം.
കോളേജിലേക്ക് പോകുന്നതിനായി പരമേശ്വര്‍ സ്‌കൂട്ടറില്‍ ചെട്ടികുളങ്ങരയില്‍നിന്ന് വടക്കോട്ട് സഞ്ചരിക്കുമ്പോള്‍ കായംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ വിദ്യാര്‍ഥി മരിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ സ്‌കൂട്ടര്‍ പിന്നാലെ വന്ന ബൈക്കിലും ഇടിച്ചു. ബൈക്ക് യാത്രികനായ തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിയും ചെട്ടികുളങ്ങര നിര്‍മിതി കേന്ദ്രത്തിലെ ജീവനക്കാരനുമായ സന്തോഷിന് പരിക്കേറ്റു. ഇദ്ദേഹത്തെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ?പരമേശ്വറിന്റെ മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട് നടക്കും. സഹോദരി: ഗൗരി പ്രിയ

