ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമർദം വേഗത്തില്‍ ശക്തിപ്രാപിക്കുന്നെന്ന് കാലാവസ്ഥാ വകുപ്പ്. ഇത് തിങ്കളാഴ്ച ‘മോൻതാ’ എന്ന പേരിലുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരമോ രാത്രിയിലോ ആന്ധ്രാപ്രദേശിലെ കാക്കിനട തീരത്ത് കരതൊടാനാണ് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം,സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ- വടക്കൻ ജില്ലകളില്‍ ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഒക്ടോബർ 30 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.അടുത്ത 3 മണിക്കൂറില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്‌ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പും നിലനില്‍ക്കും. കടലില്‍ അതിശക്തമായ കാറ്റും പൊങ്ങിക്കൊണ്ടിരിക്കുന്ന തിരമാലകളും പ്രതീക്ഷിക്കുന്നതിനാല്‍ മത്സ്യബന്ധനത്തിന് വിലക്ക്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.

