സഹപാഠിയെ അതിക്രൂരമായി മർദ്ദിച്ച വിദ്യാർത്ഥിക്കെതിരെ അച്ചടക്കനടപടി

സഹപാഠിയെ അതിക്രൂരമായി മർദ്ദിച്ച വിദ്യാർത്ഥിക്കെതിരെ അച്ചടക്കനടപടി

കണ്ണൂർ പാനൂർ മൊകേരി രാജീവ് ഗാന്ധിഹയർ സെക്കൻഡറി സ്കൂളിലെ ക്ളാസ് മുറിയില്‍ വെച്ചു റസ്ലിങ് മോഡലില്‍ സഹപാഠിയെ അതിക്രൂരമായി മർദ്ദിച്ച വിദ്യാർത്ഥിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സ്കൂള്‍ പ്രൊട്ടക്ഷൻ സമിതി ഭാരവാഹികള്‍ അറിയിച്ചു. മർദ്ദിച്ച വിദ്യാർത്ഥിയെ ഈ അധ്യയന വർഷം സ്കൂളില്‍ നിന്നും മാറ്റി നിർത്താനാണ് തീരുമാനം. എന്നാല്‍ പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കുമെന്ന് സ്കൂള്‍ പ്രൊട്ടക്ഷൻ സമിതി ഭാരവാഹികള്‍ അറിയിച്ചു.

ക്ളാസ് മുറിയില്‍ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച വിദ്യാർത്ഥിക്കെതിരെയും നടപടി സ്വീകരിക്കും. രണ്ടാഴ്ച്ച കാലയളവില്‍ ഈ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്യും. ക്ളസ് മുറിയില്‍ ഇൻ്റർവെല്‍ സമയത്ത് വിദ്യാർത്ഥി വാക് തർക്കത്തെ തുടർന്ന് സഹപാഠിക്കെതിരെ അതിഭീകരമായ റസ്ലിങ്ങിന് സമാനമായ മർദ്ദനമാണ് അഴിച്ചു വിട്ടത്. താഴെ തറയില്‍വീണ വിദ്യാർത്ഥിയെ കാല്‍മുട്ടുകൊണ്ടു ഇടിക്കുകയും ചവിട്ടുകയും ചെയ്തു. ഇതു മറ്റൊരു വിദ്യാർത്ഥി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.