റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് അന്ത്യം; കണ്ണീരോടെ മടക്കം

റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് അന്ത്യം; കണ്ണീരോടെ മടക്കം

2026ലെ ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 16ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോർച്ചുഗലിനെ പുറത്താക്കി സ്പെയിൻ ക്വാർട്ടർ ഫൈനലിലെത്തിയിരിക്കുകയാണ്. 1-0 എന്ന നാടകീയ വിജയം നേടിയാണ് സ്പെയിൻ ഈ നേട്ടം കൈവരിച്ചത്. 91-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ സ്‌പാനിഷ് താരം മൈക്കല്‍ മെറീനോയുടെ ഗോളില്‍ റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് അന്ത്യമായിരിക്കുകയാണ്.

മത്സരത്തിന് ശേഷം റൊണാള്‍ഡോ കണ്ണീരോടെയാണ് മടങ്ങിയത്. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് ഇതിഹാസ താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇരു പകുതികളിലും ഇരുഭാഗത്തും മികച്ച മുന്നേറ്റങ്ങളുണ്ടായെങ്കിലും ഗോള്‍ കീപ്പർമാരുടെ സേവുകളാണ് ലക്ഷ്യം ഭേദിക്കുന്നതില്‍ തടസമായി നിന്നത്. എന്നാല്‍ കളി അവസാനത്തോട് അടുത്തപ്പോള്‍ ലക്ഷ്യം തെറ്റിനിന്ന ഗോളിയെ മറികടന്ന് മെറീനോ പെട്ടെന്ന് ലഭിച്ച അവസരത്തില്‍ സ്കോർ ചെയ്താണ് വിജയം കണ്ടത്.

ക്വാർട്ടർ ഫൈനലില്‍ സ്പെയിൻ ബെല്‍ജിയത്തെയോ സഹ-ആതിഥേയരായ യുഎസ്‌എയെയോ നേരിടും. 2026ലെ ഫിഫ ലോകകപ്പില്‍ തുടർച്ചയായി അഞ്ച് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ മുന്നേറുകയാണ് സ്പെയിൻ. ലോകകപ്പ് ചരിത്രത്തില്‍ തുടർച്ചയായി ഏറ്റവും കൂടുതല്‍ മിനിറ്റ് ഗോള്‍ വഴങ്ങാതെ കളിച്ചതിന്റെ റെക്കോർഡും ഇതോടെ സ്‌പെയിൻ സ്വന്തമാക്കിയിരിക്കുകയാണ്. സ്വന്തം റെക്കോർഡാണ് അവർ മറികടന്നത്.

അതേസമയം, ലോകകപ്പില്‍ പോർച്ചുഗല്‍ പുറത്തായതിനെത്തുടർന്ന് കോച്ച്‌ റോബർട്ടോ മാർട്ടിനെസ് രാജി പ്രഖ്യാപിച്ചു. 2023ലാണ് മാർട്ടിനെസ് പോർച്ചുഗലിന്റെ ചുമതല ഏറ്റെടുത്ത്. ഒരു ലോകകപ്പ് കിരീടം നേടാൻ ടീമിന് ഇതുവരെ കഴിഞ്ഞിട്ടില്ല.