കോതമംഗലം: ഭിന്നശേഷിയുള്ള ആളുകൾക്ക് പരാശ്രയമില്ലാതെ സ്വയം തൊഴിൽ ചെയ്ത് ജീവിക്കുന്നതിനായി സാമ്പത്തിക സഹായം നൽകുന്ന സർക്കാരിന്റെ കൈവല്യ പദ്ധതി പ്രവർത്തനരഹിതമായി. സംഭവത്തെ തുടർന്ന് ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി കോതമംഗലം സിവിൽ സ്റ്റേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
2021 മുതൽ നൽകിയ അപേക്ഷകൾ തീരുമാനമാവാതെ കെട്ടിക്കിടക്കുകയാണെന്നും, മറ്റു തൊഴിലുകൾ ചെയ്യാൻ സാധിക്കാതെ ബുദ്ധിമുട്ടിലാണെന്നും ഭിന്നശേഷിയുള്ളവർ അറിയിച്ചു. പദ്ധതികൾ പ്രഖ്യാപിക്കുന്ന സർക്കാർ അത് മുന്നോട്ടു കൊണ്ടുപോകാനും ശ്രമിക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത എകെ ഡബ്ലൂ ആർ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി പറഞ്ഞു. കൈവല്യ പദ്ധതിക്കൊപ്പം ഭിന്നശേഷിക്കാരുടെ മറ്റു പദ്ധതികളും, ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ കാര്യങ്ങളിലും കൃത്യത വരുത്തണമെന്ന് പ്രതിഷേധർണയിൽ ഏകകണ്ഠമായി അഭിപ്രായം ഉയർന്നു.

