നീറ്റ് യുജി ചോദ്യപേപ്പറുകള്‍ വിമാനമാര്‍ഗം എത്തിച്ച്‌ വ്യോമസേന

നീറ്റ് യുജി ചോദ്യപേപ്പറുകള്‍ വിമാനമാര്‍ഗം എത്തിച്ച്‌ വ്യോമസേന

നീറ്റ് പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാൻ അസാധാരണ നടപടികളുമായി കേന്ദ്ര സർക്കാർ. ചോദ്യപേപ്പറുകള്‍ സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കാൻ ഇത്തവണ ഇന്ത്യൻ വ്യോമസേനയെയാണ് കേന്ദ്രസർക്കാർ നിയോഗിച്ചത്. ജൂണ്‍ 21-ന് നടക്കുന്ന പുനഃപരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകള്‍ വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച്‌ രാജ്യത്തുടനീളം പരീക്ഷാ കേന്ദ്രങ്ങളോട് ചേർന്നുള്ള പ്രാദേശിക ഹബുകളില്‍ എത്തിച്ചു.

രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ വ്യോമസേനാ ഹെലികോപ്റ്ററുകള്‍ നേരിട്ടെത്തിയാണ് അതീവ രഹസ്യസ്വഭാവമുള്ള ചോദ്യപേപ്പർ പാക്കറ്റുകള്‍ കൈമാറിയത്. വിതരണത്തിനിടയില്‍ യാതൊരുവിധ അട്ടിമറിയോ ചോർച്ചയോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ സിആർപിഎഫ്, സിഐഎസ്‌എഫ് എന്നീ കേന്ദ്ര സേനകളുടെ കനത്ത സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.