സംസ്ഥാനത്ത് പ്രത്യേക വനിത കാർഷിക പദ്ധതി നടപ്പിലാക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം. 2026 അന്താരാഷ്ട്ര വനിതാ കർഷക വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാനത്തുടനീളമുള്ള വനിത കർഷകരെ പിന്തുണയ്ക്കാൻ പ്രത്യേക പദ്ധതി ആരംഭിക്കുന്നത്. ഇതുവഴി കാർഷിക മേഖലയിലെ പദ്ധതിവിഹിതത്തില്‍ വനിതകള്‍ക്കായി പ്രത്യേക തുക നീക്കിവയ്ക്കപ്പെടും. കാർഷിക മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളിലും ഡ്രോണ് ഉപയോഗിച്ചുള്ള കൃഷിരീതികളിലും വനിതാ കർഷകർക്ക് പ്രത്യേക പരിശീലനവും നല്‍കും. കുടുംബശ്രീ വഴി കാർഷിക ഉത്പന്നങ്ങള്‍ സംസ്കരിക്കാനും മൂല്യവർധിത ഉത്പന്നങ്ങള്‍ നിർമിക്കാനും വനിതാ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കും.
വനിതാ കർഷകർക്ക് കൃഷി ആവശ്യങ്ങള്‍ക്കായി കുറഞ്ഞ പലിശനിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. കുട്ടനാട് വികസന പദ്ധതി രണ്ടാം ഘട്ടം നടപ്പിലാക്കുമെന്നും കർഷകർക്ക് സാമൂഹിക സുരക്ഷയും ക്ഷേമ പിന്തുണയും നല്‍കുന്നതിന് മതിയായ സാന്പത്തിക വ്യവസ്ഥകളോടെ കേരള കർഷക ക്ഷേമനിധി ബോർഡ് പൂർണമായും പ്രവർത്തനക്ഷമമാക്കുമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളെ അത്യാഹിത രാത്രികാല വെറ്ററിനറി സേവനങ്ങളുമായി സംയോജിപ്പിച്ച് സേവനം മെച്ചപ്പെടുത്തും. വന്യജീവി ആക്രമണം ലഘൂകരിക്കാൻ എലിഫന്റ് സ്ക്വാഡിനെ നവീകരിക്കും. തീരദേശ മേഖലയില്‍ ഉപജീവനവും ടൂറിസവും വൈവിധ്യവത്കരിക്കുന്നതിനായി സെയിലിംഗ് സ്കൂളുകളും സർഫിംഗ് സ്കൂളുകളും ആരംഭിക്കും 33 പുതിയ മത്സ്യഭവനുകള്‍ ആരംഭിക്കും. 700 ഡിസ്പെൻസറികളെ ആയുഷ് ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്ററുകള്‍ ആയി ഉയർത്തും കാലിക്കട്ട് സർവകലാശാലയില്‍ ന്യൂനപക്ഷ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും. അഞ്ചു വർഷത്തിനുള്ളില്‍ എല്ലാ മെഡിക്കല്‍ കോളജുകളുമായി ബന്ധപ്പെട്ട് ആശ്വാസ് കെട്ടിടങ്ങള്‍ നിർമിക്കും.
അതിദാരിദ്ര്യമുക്തരായ കുടുംബങ്ങള്‍ക്ക് ഉപജീവനസുരക്ഷ ഉറപ്പുവരുത്താൻ ഫാമിലി ബെനിഫിറ്റ് കാർഡ്. 2026-2027ല്‍ ഒരു ലക്ഷം വീടുകളും 22 ഭവന സമുച്ചയങ്ങളും നിർമിക്കും. ബ്രഹ്മപുരത്ത് 500 ടണ് വേസ്റ്റ് ടു എനർജി പ്ലാന്റിന്റെ നിർമാണം മേയ് മാസം ആരംഭിക്കും. നോർക്ക വകുപ്പ് വഴി വിദേശത്ത് ജോലി ചെയ്യുന്ന കേരളീയരായ വനിതകള്‍ക്ക് പിന്തുണ നല്‍കാൻ വനിത സെല്‍ രൂപീകരിക്കും. സംസ്ഥാനത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ ഇടപെടല്‍ ശക്തമാക്കാൻ ലോക കേരളം ഓണ്ലൈൻ പോർട്ടല്‍ ആരംഭിക്കും. ഐടി കോറിഡോർ പദ്ധതിയുടെ കീഴില്‍ തിരുവനന്തപുരത്തും കോഴിക്കോടും പുതിയ പാർക്കുകള്‍ സ്ഥാപിക്കും. സ്വകാര്യ ഐടി പാർക്കുകളെ പ്രോത്സാഹിപ്പിക്കാൻ പ്രൈവറ്റ് ഐടി പാർക്ക് പ്രമോഷൻ സ്കീം നടപ്പിലാക്കും.
1200 കിലോമീറ്റർ ജില്ലാ റോഡുകള്‍ ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തും, സംസ്ഥാന ഹൈവേകളുടെ വീതി കൂട്ടും. ഇടുക്കി ജില്ലയിലെ പട്ടിശേരി ഡാം ഉടൻ കമ്മീഷൻ ചെയ്യും. കൊല്ലത്തെയും അഴീക്കലിനെയും കൊച്ചി, ബേപ്പൂർ, വിഴിഞ്ഞം എന്നിവടങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് തീരദേശ ക്രൂയിസ് സേവനങ്ങള്‍ നടപ്പിലാക്കും. കെഎസ്‌ആർടിസിയുടെ പ്രധാന ഡിപ്പോകളില്‍ സൗരോർജ പ്ലാന്റുകള്‍ സ്ഥാപിക്കും. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി മിഷൻ മോഡില്‍ നടപ്പിലാക്കും. പത്തനംതിട്ടയില്‍ ഐഒടി അധിഷ്ഠിതമായ ഉരുള്‍പൊട്ടല്‍ നിരീക്ഷണവും തീർഥാടക സമൂഹ മാനേജ്മെന്റ് സിസ്റ്റവും സ്ഥാപിക്കും. മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഈ വർഷം നടപ്പിലാക്കും.
ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ക്കായി സ്റ്റേറ്റ് നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് ബ്യൂറോയും പ്രത്യേക സൈബർ സെല്ലും ആരംഭിക്കും. വയനാട് ടൗണ്ഷിപ്പ് ഈ സർക്കാരിന്റെ കാലയളവില്‍തന്നെ പൂർത്തീകരിക്കും. വർക്ക് നിയർ ഹോം പദ്ധതി 25 കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കും. വിജ്ഞാന കേരളം ശക്തിപ്പെടുത്തുന്നതിനായി 100 ബ്ലോക്കുകളില്‍ ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്ററുകള്‍ സ്ഥാപിക്കും. ജുഡീഷറിയില്‍ ആർട്ടിഫിഷല്‍ ഇന്റലിജൻസിനായുള്ള മികവിന്റെ കേന്ദ്രം സ്ഥാപിക്കും. തലശേരിയില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അഡീഷണല്‍ ബഞ്ച് സ്ഥാപിക്കും. കലാകാരന്മാരെ ആദരിക്കുന്നതിനായി കള്‍ച്ചറല്‍ കേരള സ്മൃതിമന്ദിരം സ്ഥാപിക്കും യുവ സംരംഭകത്വം ശക്തിപ്പെടുത്താൻ യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും.
യുവാക്കള്‍ക്ക് വരുമാന അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നടപ്പിലാക്കുന്ന കെ.എം. മാണി കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സ്കീം വിപുലീകരിക്കുമെന്ന് പ്രഖ്യാപനം. പദ്ധതിയുടെ വ്യാപ്തി വർധിപ്പിച്ച് സ്ഥിരവിളകള്‍ക്ക് പുറമെ നാണ്യവിളകളെയും ഉള്‍പ്പെടുത്തി യുവജനങ്ങള്‍ക്ക് അധികവരുമാനം സൃഷ്ടിക്കുന്നതിനുള്ള അവസരമൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു

