ഇനി ഉറക്കമില്ലാത്ത രാത്രികള്‍; ഫിഫ ലോകകപ്പിന് ഇന്ന് കിക്ക് ഓഫ്

ഇനി ഉറക്കമില്ലാത്ത രാത്രികള്‍; ഫിഫ ലോകകപ്പിന് ഇന്ന് കിക്ക് ഓഫ്

ഫിഫ ലോകകപ്പിനെ വരവേല്‍ക്കാൻ ഒരുങ്ങി ലോകം. ഇത്തവണ മൂന്ന് രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലെ 16 സ്റ്റേഡിയങ്ങളാണ് വേദിയാകുക. മാത്രമല്ല, ചരിത്രത്തിലാദ്യമായി 48 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മാറ്റുരയ്ക്കുന്നത്. ആകെയുള്ള 12 ഗ്രൂപ്പുകളിലായി ആകെ 104 മത്സരങ്ങള്‍ ഈ ലോകകപ്പില്‍ അരങ്ങേറും.

ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ (ഗ്രൂപ്പ് എ) നേരിടും. ഇന്ത്യൻ സമയം ജൂണ്‍ 12 പുലർച്ചെ 12:30-നാണ് മത്സരം ആരംഭിക്കുക. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മൂന്ന് ലോകകപ്പുകളുടെ ഉദ്ഘാടന മത്സരങ്ങള്‍ക്ക് വേദിയാകുന്ന ആദ്യ സ്റ്റേഡിയം എന്ന ചരിത്രനേട്ടം ഇതോടെ എസ്റ്റാഡിയോ ആസ്ടെക്കയ്ക്ക് സ്വന്തമാകും.

ജൂണ്‍ 11 – 27 വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടക്കുക. റൗണ്ട് ഓഫ് 32 മത്സരങ്ങള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 3 വരെ നടക്കും. പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16) ജൂലൈ 4 മുതല്‍ 7 വരെയും ക്വാർട്ടർ ഫൈനല്‍ മത്സരങ്ങള്‍ ജൂലൈ 9 മുതല്‍ 11 വരെയുമാണ് നടക്കുക. ജൂലൈ 14 – 15 തീയതികളിലായാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള ലൂസേഴ്സ് ഫൈനല്‍ ജൂലൈ 18ന് നടക്കും. ജൂലൈ 19നാണ് കലാശപ്പോരാട്ടം നടക്കുക.

യുണൈറ്റ്8 സ്പോർട്സ് 1, 1 എച്ച്‌ഡി, (ഹിന്ദി), യുണൈറ്റ്8 സ്പോർട്സ് 2, 2 എച്ച്‌ഡി, (ഇംഗ്ലീഷ്) ചാനലുകളിലാണ് മത്സരം സംപ്രേഷണം ചെയ്യുക. ‌’സീ5′ (ZEE5) ഒടിടി പ്ലാറ്റ്‌ഫോമിലും മത്സരങ്ങള്‍ തത്സമയം സ്ട്രീം ചെയ്യും