അനിത കൊലക്കേസിൽ രണ്ടാം പ്രതിയായ രജനിക്ക് സെഷൻസ് കോടതി വധശിക്ഷ വിധിച്ചു.അപൂർവങ്ങളിൽ അപൂർവമായ കേസുകളിലാണ് പ്രതികൾക്ക് സെഷൻസ് കോടതി വധശിക്ഷ വിധിക്കുന്നത്. അതേസമയം, വനിതാ കുറ്റവാളികൾക്കെതിരേ വധശിക്ഷ വിധിക്കുന്നതും അപൂർവമാണ്. കൊല്ലപ്പെട്ട, ഗർഭിണിയായ അനിതയ്ക്ക് സ്ത്രീയെന്ന പരിഗണന രണ്ടാം പ്രതിയും സ്ത്രീയുമായ രജനിയുടെ ഭാഗത്തുനിന്നുണ്ടായില്ല. നിയമത്തിനു മുന്നിലും സ്ത്രീയെന്ന പരിഗണന കോടതിയിലും കിട്ടാതെ പോകാനുള്ള കാരണവുമതാണ്.സംഭവം നടന്നത് രജനിയുടെ കൈനകരി തോട്ടുവാത്തലയിലെ വീട്ടിലാണ്. രജനിയുടെ അമ്മ മീനാക്ഷിയും അതേ വീട്ടിലാണ് താമസിക്കുന്നത്. അമ്മയും രജനിയെ സഹായിക്കാനെത്തിയില്ലെന്നു മാത്രമല്ല, പ്രോസിക്യൂഷനൊപ്പം നിൽക്കുകയും ചെയ്തു. കേസിൽ സാക്ഷികളായ 20 പേർ രജനിയുടെ നാട്ടുകാരായിരുന്നു. ഇവരും പ്രോസിക്യൂഷനൊപ്പം നിന്നു. കൊല്ലപ്പെട്ട അനിതയെ രജനിയുടെ വീട്ടിൽ അവസാനം കണ്ട വിവരം രജനിയുടെ ബന്ധുക്കളും കോടതിയിൽ വെളിപ്പെടുത്തി.
ശിക്ഷയെക്കുറിച്ചുളള അഭിപ്രായമാരാഞ്ഞപ്പോൾ രജനി മിണ്ടിയില്ല. വധശിക്ഷയാണെന്ന വിധി കേട്ടപ്പോൾ ഒരു ഭാവഭേദവുമുണ്ടായില്ല. ഒഡിഷയിലേക്കു വിടരുതെന്ന് പോലീസുകാരോടു പറഞ്ഞു. കാരണം അന്വേഷിച്ചപ്പോൾ ഭക്ഷണം കൊള്ളില്ലെന്നായിരുന്നു മറുപടി. സഹതടവുകാർ പരസ്പരം തല്ലുകൂടുന്നവരാണെന്നും രജനി പറഞ്ഞു. തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലിലേക്കാണ് രജനിയെ മാറ്റിയത്.
2021 ജൂലായ് ഒന്‍പതിനാണ് പുന്നപ്ര സ്വദേശിയായ അനിത(32)യെ പ്രബീഷും പെണ്‍സുഹൃത്തായ രജനിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. വിവാഹിതനായ പ്രബീഷ് ഒരേസമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു. അനിത ഗര്‍ഭണിയായതിന് പിന്നാലെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാലക്കാട് ആലത്തൂരിലെ ഒരു ഫാമില്‍ ജോലിചെയ്യുകയായിരുന്ന അനിതയെ ജൂലായ് ഒന്‍പതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ അനിതയെ ഓട്ടോയില്‍ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു.
ശേഷം അനിതയെ പ്രബീഷ് കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. നിലവിളി പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ രജനി വായും മൂക്കും അമര്‍ത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടു എന്നു കരുതി ഇരുവരും ചേര്‍ന്ന് പൂക്കൈത ആറ്റില്‍ ഉപേക്ഷിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസ് വേഗത്തില്‍ അന്വേഷിച്ച് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വിചാരണ വേളയില്‍ 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കി. പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു

