മുട്ടില്‍ മരംമുറി കേസ്: വിചാരണ തടയണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മുട്ടില്‍ മരംമുറി കേസ്: വിചാരണ തടയണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിലെ വിചാരണ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജെബി പര്‍ദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരുടെ പ്രധാന ആവശ്യം.

വയനാട് മേപ്പാടി റേഞ്ചില്‍ നിന്ന് നിയമവിരുദ്ധമായി വെട്ടിക്കടത്തിയ തടികള്‍ വനംവകുപ്പിന്റെ അനുമതിയുള്ള താണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ വ്യവസായിക്ക് വിറ്റ് 1.40 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. വയനാട്ടിലെ കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ സമാന ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായ സാഹചര്യത്തിലാണ് പ്രതികള്‍ ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത്.