മലപ്പുറം നിയോജകമണ്ഡലം കോണ്‍ഗ്രസ് യോഗത്തില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമർശനം. കോണ്‍ഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അദ്ദേഹം പരിഗണിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം പല കാര്യങ്ങളിലും ചർച്ചകള്‍ നടക്കുന്നില്ലെന്നുമാണ് യോഗത്തില്‍ ഉയർന്ന പ്രധാന ആക്ഷേപം. എല്ലാക്കാലത്തും കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുസ്ലിം ലീഗ് നേതാവാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെങ്കിലും, മന്ത്രിയായതിന് ശേഷം ഇതില്‍ വലിയ മാറ്റമുണ്ടായെന്നാണ് പ്രവർത്തകരുടെ പരാതി.
മന്ത്രിക്ക് സ്വീകരണ പരിപാടി സംഘടിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ ആരെയും ക്ഷണിച്ചില്ലെന്നും മണ്ഡലത്തില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന പരിപാടി സംഘടിപ്പിച്ചപ്പോള്‍ പോലും കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചില്ലെന്നും യോഗത്തില്‍ വിമർശനമുയർന്നു. നേരിട്ട് ബന്ധപ്പെടാൻ ഒരു മാർഗവുമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും എല്ലാ കാര്യങ്ങള്‍ക്കും ഇടനിലക്കാരോട് സംസാരിക്കേണ്ടി വരുന്നുവെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. പലരോടും സംസാരിച്ചതിന് ശേഷം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ ഫോണില്‍ പോലും ലഭിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും യോഗത്തില്‍ ശക്തമായ പരാതി ഉന്നയിച്ചു

