തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല. ഐ.പി ബിനു ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പും ചോദ്യംചെയ്യല്‍ നടപടികളും പൂർത്തിയായ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികള്‍ കോടതിയില്‍ വാദിച്ചത്.
തങ്ങളെ കസ്റ്റഡിയില്‍ വച്ച് ഇനി കൂടുതല്‍ അന്വേഷണം നടത്തേണ്ടതില്ലെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷൻ കോടതിയില്‍ ശക്തമായി എതിർത്തു. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തത് ഗൗരവമേറിയ കുറ്റമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. പ്രോസിക്യൂഷന്റെ പ്രത്യേക ആവശ്യപ്രകാരം അക്രമസംഭവങ്ങളുടെ ദൃശ്യങ്ങള്‍ കോടതി നേരിട്ട് പരിശോധിച്ച് വിലയിരുത്തിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയുടെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. റെയ്ഡ് വിവരമറിഞ്ഞ് സ്ഥലത്ത് പ്രതിഷേധവുമായെത്തിയ സിപിഎം പ്രവർത്തകർ അന്വേഷണ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും അവരെ കൈയേറ്റം ചെയ്യുകയും ചെയ്തു എന്നാണ് ആരോപണം. തുടർന്നാണ് പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി ബിനു അടക്കമുള്ളവർക്കെതിരെ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പൊലീസ് കേസെടുത്തത്.

