കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണത്തില്‍ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. സ്വര്ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.ഹര്ജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. കോടതി മേല്‍നോട്ടത്തിലാണ് ഇപ്പോള് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി യഥാര്ഥ ശാസ്ത്രീയ പരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. ഉന്നത നിലവാരമുള്ള ലാബുകളിലാണ് പരിശോധന നടക്കുന്നത്. ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണം നടത്തുന്നതെന്നും കോടതി നിരീക്ഷിച്ചു.
പ്രതികളുടെ ജാമ്യം പരിഗണിച്ച കോടതി എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ട് അന്വേഷണത്തില്‍ ഇടപെടാൻ ആകില്ലെന്നും പൊതുധാരണകളല്ല കോടതിയുടെ പരിഗണനയിലുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി. യഥാർഥ കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി

