വിവാഹേതര ബന്ധത്തില്‍ ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റില്‍ നിന്ന് പിതാവിന്റെ പേര് നീക്കം ചെയ്യാനോ മാറ്റാനോ ഉള്ള അവകാശം പുരുഷന്റെ അന്തസുമായി ബന്ധപ്പെട്ടതാണെന്ന് കേരള ഹൈക്കോടതി. പുരുഷന്മാർക്കും സ്ത്രീകളെപ്പോലെ തന്നെ അന്തസോടെ ജീവിക്കാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കിയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. വിവാഹേതര ബന്ധത്തില്‍ ജനിച്ച ഒരു കുട്ടിയുടെ ജനന സർട്ടിഫിക്കറ്റില്‍ തന്റെ പേര് തെറ്റായി ഉള്‍പ്പെടുത്തിയെന്ന് കാണിച്ച് ഒരു വ്യക്തി നല്‍കിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
കുട്ടിയുടെ അമ്മ താനുമായുള്ള ബന്ധം വേർപെടുത്തിയെന്നും, എന്നാല്‍ തന്റെ അനുമതിയില്ലാതെയാണ് ജനന സർട്ടിഫിക്കറ്റില്‍ പിതാവിന്റെ സ്ഥാനത്ത് തന്റെ പേര് നല്‍കിയതെന്നും ഹർജിക്കാരൻ വാദിച്ചു. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തില്‍ വ്യക്തിയുടെ അന്തസും ഉള്‍പ്പെടുന്നു. ഒരു പുരുഷന്റെ സമ്മതമില്ലാതെ അയാളെ ഒരു കുട്ടിയുടെ പിതാവായി രേഖപ്പെടുത്തുന്നത് അയാളുടെ അന്തസിനെ ബാധിക്കുന്ന കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ജനന-മരണ രജിസ്ട്രാർക്ക് ഇത്തരം സാഹചര്യങ്ങളില്‍ രേഖകളില്‍ മാറ്റം വരുത്താൻ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
പിതാവിന്റെ പേര് തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് ബോധ്യപ്പെട്ടാല്‍ അത് തിരുത്താൻ നിയമപരമായ തടസമില്ല. ഹർജിക്കാരന്റെ പരാതി പരിശോധിച്ച്, ജനന സർട്ടിഫിക്കറ്റില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താൻ ബന്ധപ്പെട്ട അധികാരികള്‍ക്ക് കോടതി നിർദ്ദേശം നല്‍കി

