ദക്ഷിണാഫ്രിക്കയില്‍ കിരീടം ചൂടിയ 2010-ലെ സുവർണ്ണ ചരിത്രത്തിന് ശേഷം ആദ്യമായാണ് സ്പെയിൻ ഫൈനലില്‍

സ്പെയിൻ ഫൈനലില്‍

ലോകകിരീടത്തിലേക്ക് ഒരു ജയത്തിന്റെ മാത്രം ദൂരത്തില്‍ സ്പെയിൻ. ഫ്രാൻസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകർത്ത് ലാ റോജ ഫിഫ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ദക്ഷിണാഫ്രിക്കയില്‍ കിരീടം ചൂടിയ 2010-ലെ സുവർണ്ണ ചരിത്രത്തിന് ശേഷം ആദ്യമായാണ് സ്പെയിൻ ഫൈനലില്‍ എത്തുന്നത്. ഇതോടെ തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനല്‍ എന്ന ഫ്രാൻസിന്റെ സ്വപ്നം തകർത്ത ലൂയിസ് ഡി ലാ ഫുവെന്റെയുടെ സംഘം തോല്‍വിയറിയാതെ 37 മത്സരങ്ങള്‍ പൂർത്തിയാക്കിയ ഇറ്റലിയുടെ എക്കാലത്തെയും മികച്ച റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു.

മത്സരത്തിന്റെ തുടക്കത്തില്‍ ഇരുടീമുകളും ജാഗ്രതയോടെയാണ് കളിച്ചതെങ്കിലും പതുക്കെ കളി സ്പെയിന്റെ നിയന്ത്രണത്തിലായി. വലതുവിങ്ങില്‍ നിരന്തരം ഭീതി വിതച്ച കൗമാര വിസ്മയം ലമീൻ യമാലിനെ ബോക്സിനുള്ളില്‍ ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്നെ വീഴ്ത്തിയതിന് സ്പെയിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. കിക്ക് എടുത്ത മിക്കല്‍ ഒയാർസബാല്‍ ഫ്രഞ്ച് ഗോള്‍കീപ്പർ മൈക് മൈനാനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ച്‌ സ്പെയിന് അർഹിച്ച ലീഡ് സമ്മാനിച്ചു. തിരിച്ചടിക്കാൻ ഫ്രാൻസ് കിണഞ്ഞു ശ്രമിച്ചെങ്കിലും സ്പെയിനിന്റെ പ്രതിരോധക്കോട്ട തകർക്കാനായില്ല.

സ്പാനിഷ് പ്രതിരോധ നിരയുടെ ഓഫ്‌സൈഡ് കെണിയില്‍ കുരുങ്ങി ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ മൈതാനത്ത് തികച്ചും നിഷ്പ്രഭനായി. ഫ്രാൻസ് ആക്രമണം അഴിച്ചുവിട്ടപ്പോഴൊക്കെ സ്പാനിഷ് ഗോളി ഉനായ് സിമോണ്‍ സമയോചിതമായി മുന്നോട്ട് കയറി അപകടം ഒഴിവാക്കി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പ്രതിരോധ താരം വില്യം സാലിബ പരിക്കേറ്റ് പുറത്തായത് ഫ്രാൻസിന് തിരിച്ചടിയായി. രണ്ടാം പകുതിയിലും സ്പെയിൻ കളി നിയന്ത്രിച്ചതോടെ ഫ്രാൻസിന്റെ ആത്മവിശ്വാസം പൂർണ്ണമായും തകർന്നു.

മത്സരത്തിന്റെ അറുപതാം മിനിറ്റില്‍ ഡാനി ഓല്‍മോ നല്‍കിയ മനോഹരമായ പാസ് സ്വീകരിച്ച്‌ ഡിഫെൻഡർ പെഡ്രോ പോറോ ഉഗ്രനൊരു ഫിനിഷിംഗിലൂടെ സ്പെയിന്റെ രണ്ടാം ഗോളും നേടി. തുടർന്ന് ഡെസിറെ ഡൗ, റായൻ ചെർക്കി എന്നിവരെ കളത്തിലിറക്കി ഫ്രഞ്ച് കോച്ച്‌ ദിദിയർ ദെഷാംപ്സ് ഭാഗ്യം പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

കളി കൈവിട്ടുപോയതോടെ കടുത്ത നിരാശയിലായ ഫ്രഞ്ച് ക്യാപ്റ്റൻ എംബാപ്പെക്ക് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു. അവസാന വിസില്‍ മുഴങ്ങുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ കളം നിറഞ്ഞ സ്പെയിൻ രണ്ടാം ലോകകിരീടം ലക്ഷ്യമിട്ട് കലാശപ്പോരിലേക്ക് മാർച്ച്‌ ചെയ്തു