ശബരിമല യുവതി പ്രവേശന കേസ്:നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

ശബരിമല യുവതി പ്രവേശന കേസ്:നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി
alternatetext

ശബരിമല യുവതി പ്രവേശനുമായി ബന്ധപ്പെട്ട വാദത്തിനിടെ നിർണ്ണായക നീരീക്ഷണവുമായി സുപ്രീംകോടതി. ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ നീരീക്ഷിച്ചു. അവിശ്വാസികളുടെ ഹർജിയിലാണ് ശബരിമല യുവതി പ്രവേശന വിധിയെന്ന് ജസ്റ്റിസ് നാഗരത്ന വീണ്ടും വിമർശിച്ചു. സാമൂഹിക പരിഷ്ക്കരണം എന്ന പേരിൽ മതത്തിന്റെ അന്തസത്ത ഇല്ലാതെയാക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി.  ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ് വി വാദിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെനിർണ്ണായക നീരീക്ഷണം.

അവിശ്വാസികൾക്ക് മതാചാരത്തെ ചോദ്യംചെയ്യാനാകുമോ എന്നതിൽ സിംഗ്വി വാദങ്ങൾ അവതരിപ്പിക്കുമ്പോളാണ് ശബരിമല കേസിൽ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത് ക്ഷേത്രവുമായി ബന്ധമുള്ളവരല്ലെന്ന് ജ.നാഗരത്ന വ്യക്തമാക്കിയത്.  ഹർജിക്കാരുടേത് അനാവശ്യ ഇടപെടലെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഇതിനോട് യോജിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ വിധിക്കാനാകുമെന്ന ചോദ്യം ഉയരുന്നു എന്ന് ചൂണ്ടിക്കാട്ടിയത്. ഈ നീരീക്ഷണത്തോടെ ശബരിമലയുവതിപ്രവേശം അംഗീകരിച്ച അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞുവെയ്ക്കുകയാണ്.

അയ്യപ്പക്ഷേത്രങ്ങളിൽ യുവതിപ്രവേശനത്തിന് വിലക്കുള്ള ഒരെയൊരു ക്ഷേത്രം ശബരിമലയാണ്. അതിന് കാരണം അവിടുത്തെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി എന്ന സങ്കൽപമുള്ളതിനാലാണ്. വ്രതം എടുത്ത് ആർക്കും ശബരിമലയിൽ പോകാം. 10 വയസ് മുതൽ 50 വരെയുള്ളവർക്ക് മാത്രമാണ് വിലക്ക്. ഇത് ലിംഗവിവേചനമല്ലെന്ന് ദേവസ്വം ബോർഡിനായി സിംഗ്വി വാദിച്ചു. വർഷങ്ങളായി ശബരിമലയിലും ഗുരുവായൂരൂം നിലനിൽക്കുന്ന ആചാരങ്ങളെ ചോദ്യം ചെയ്താൽ അംഗീകരിക്കാനാകില്ലെന്നും ബോർഡ് വ്യക്തമാക്കി.

ക്ഷേത്രങ്ങളിൽ ആരാണ് പ്രവേശിക്കേണ്ടത് എന്ന് ആ വിഭാഗത്തിൽ പെട്ടവരാണ് തീരുമാനിക്കേണ്ടത് എന്ന എൻഎസ്എസിന്‍റെ അടക്കം വാദത്തെ എന്നാൽ ദേവസ്വം ബോർഡ് എതിർത്തു.  ആചാരങ്ങൾ പാലിക്കപ്പെടണം എന്നാൽ ജാതി, വർഗ്ഗം എന്നിവയുടെ അടിസ്ഥാനത്തിൽ ഉള്ള വിലക്ക് അംഗീകരിക്കുന്നില്ലെന്ന് തിരുവീിതാംകൂർ ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടി. ഭരണഘടന ബെഞ്ചിന് മുന്നിൽ ദേവസ്വം ബോർഡിന്റെ വാദം ഇതോടെ പൂർത്തിയായി. സംസ്ഥാനസർക്കാരിന്റെ വാദം ഇനി വെള്ളിയാഴ്ച്ച നടക്കും