തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍ ചിലതില്‍ മാറ്റം വരുത്തണമെന്ന ആവശ്യം കെ.സി വേണുഗോപാല്‍ പക്ഷം മുന്നോട്ടുവെക്കുന്നതും, ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം വകുപ്പുകള്‍ കൈമാറുന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങളുമാണ് നിലവിലെ പ്രതിസന്ധി. എന്നാല്‍ ചർച്ചകള്‍ നടത്തിയിട്ടും ഇത് പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഉന്നത വിദ്യാഭ്യാസം വിട്ടു നല്‍കണമെന്ന കോണ്‍ഗ്രസ് ആവശ്യത്തിനോട് ലീഗിന് എതിർപ്പില്ല. എന്നാല്‍ ഫിഷറീസ് ലീഗ് ഭരിക്കേണ്ടതില്ലെന്ന ചിലരുടെ നിലപാടിനോട് അവർക്ക് യോജിപ്പുമില്ല.ഇന്നെങ്കിലും വകുപ്പ് രൂപീകരണത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ, നവ കേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് ആലപ്പുഴയില്‍ എത്തും. അന്വേഷണ ചുമതലയുള്ള എസ്‌ഐടി തലവൻ പി.ഷൗക്കത്തലിയാണ് എത്തുക. മർദനമേറ്റ നിലവിലെ ആലപ്പുഴ നിയുക്ത എംഎല്‍എ കൂടിയായ എ.ഡി തോമസ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരുടെ മൊഴി രേഖപ്പെടുത്താനാണ് എസ്‌ഐടിയുടെ ആദ്യ നീക്കം.
മർദനത്തിന്റെ ദൃശ്യങ്ങള്‍ പകർത്തിയ മാധ്യമപ്രവർത്തകൻ ജോജിയുടെയും മൊഴി എസ്‌ഐടി രേഖപ്പെടുത്തും. അതേസമയം, കെപിസിസി അഴിച്ചു പണി വൈകും. സണ്ണി ജോസഫ് മന്ത്രിയായിട്ടും അധ്യക്ഷ സ്ഥാനത്തേക്ക് പകരക്കാരനെ തീരുമാനിക്കല്‍ നീളുമെന്ന് ഉറപ്പായി. മുൻ ധാരണകള്‍ പൊളിഞ്ഞതോടെയാണ് അഴിച്ചുപണി പ്രതിസന്ധിയിലായത്. ജനപ്രതിനിധികള്‍ അല്ലാത്തവർ അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെയെന്നും ഹൈക്കമാന്‍ഡിനോട് ആവശ്യം ഉയർത്തുന്നവരുണ്ട്.


