ജീ.സുധാകരൻ ഇന്ന് പ്രോ ടേം സ്പീക്കറായി ചുമതലയേല്‍ക്കും

ജീ.സുധാകരൻ ഇന്ന് പ്രോ ടേം സ്പീക്കറായി ചുമതലയേല്‍ക്കും
alternatetext

തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രോ ടേം സ്പീക്കറായി അമ്പലപ്പുഴയില്‍ നിന്നുള്ള ജനപ്രതിനിധിയും മുൻ മന്ത്രിയുമായ ജി സുധാകരൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാവിലെ 9:30-ന് ലോക് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവർണർ രാജേന്ദ്ര അർലേക്കർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ള പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരാകും.

സഭയിലെ ഏറ്റവും മുതിർന്ന അംഗമെന്ന പരിഗണനയിലാണ് ജി സുധാകരനെ പ്രോ ടേം സ്പീക്കറായി നിശ്ചയിച്ചത്. നാളെ നിയമസഭ സമ്മേളിക്കുമ്പോള്‍ പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയ്ക്കും തുടർന്ന് നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിനും നേതൃത്വം നല്‍കുന്നത് പ്രോ ടേം സ്പീക്കറായിരിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കറായും ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായും നേരത്തെ തിരഞ്ഞെടുത്തിരുന്നു.

അതേസമയം, വി ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റ് ഒരു ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുവിഭജനത്തെ ചൊല്ലിയുള്ള തർക്കങ്ങള്‍ക്ക് പൂർണ്ണ പരിഹാരമായിട്ടില്ല. നാളെ നിയമസഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നടക്കുന്നതിന് മുൻപ് തന്നെ വകുപ്പുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താനാണ് മുഖ്യമന്ത്രിയുടെ നീക്കം.

ഇന്ന് ഉച്ചയ്ക്ക് മുൻപായി വകുപ്പുകള്‍ നിശ്ചയിച്ച്‌ പട്ടിക ഗവർണർക്ക് കൈമാറുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രോ ടേം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി ലോക് ഭവനിലെത്തുന്ന മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഇതിനിടെ വി ഡി സതീശൻ സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭായോഗവും ഇന്ന് ചേരുന്നുണ്ട്. ആദ്യ യോഗത്തിലേതുപോലെ ജനങ്ങള്‍ക്ക് പ്രയോജനകരമായ നിരവധി സുപ്രധാന തീരുമാനങ്ങള്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.