മുഖ്യമന്ത്രിയുടെ ‘രണ്ടാം കല്യാണം’‌ ആരോപണത്തില്‍ കേസെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹാരോപണത്തില്‍ പൊലിസ് കേസെടുത്തു. റിപ്പോർട്ടർ ചാനലിന്റെ ഉടമയായ ആന്റോ അഗസ്റ്റിൻ ഒരു ചടങ്ങില്‍ നടത്തിയ പരാമർശമാണ് പരാതിക്ക് അടിസ്ഥാനം. ആന്റോയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.കോണ്‍ഗ്രസ് നേതാവ് രാജു പി. നായർ സംസ്ഥാന പൊലിസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് സൈബർ പൊലിസ് നടപടി.

കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസില്‍ മുഖ്യമന്ത്രി രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തതായുള്ള രേഖയുമായി രണ്ട് യുവാക്കള്‍ തന്നെ സമീപിച്ചുവെന്നാണ് ആന്റോ പറഞ്ഞത്. വാർത്ത നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വന്നതെന്നും ആധികാരികത ബോധ്യപ്പെടാത്തതിനെത്തുടർന്ന് വാർത്ത കൊടുക്കേണ്ട എന്നു തീരുമാനിച്ചുവെന്നും ആന്റോ പറഞ്ഞിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് രാജു പി. നായർ പൊലിസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചന നടത്തുകയും വ്യാജരേഖയുണ്ടാക്കുകയും ചെയ്ത യുവാക്കളെ കണ്ടെത്തി കേസെടുക്കണമെന്ന് പരാതിയില്‍ പറയുന്നു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ യുവാക്കളെ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.