ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ അട്ടിമറി കേസില്‍ അന്വേഷണം നേരിടുന്ന എഡിജിപി എം.ആർ. അജിത്കുമാർ ഇപ്പോഴത്തെ ഡിജിപി സ്ഥാനക്കയറ്റ പട്ടികയില്‍ ഉള്‍പ്പെട്ടേക്കില്ല. ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാള്‍ 31നു വിരമിക്കുന്ന ഒഴിവില്‍ നിലവിലെ സീനിയർ എഡിജിപിയായ അജിത്കുമാറാണ് ഡിജിപി പദവിയിലെത്തേണ്ടത്. എന്നാല്‍, അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ തൊട്ടുതാഴെയുള്ള ഐപിഎസ് ബാച്ചിലെ എഡിജിപിയായ എസ്. ശ്രീജിത്തിനാണ് സാധ്യത. ഇതോടൊപ്പം കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മുതിർന്ന ഉദ്യോഗസ്ഥനായ സുരേഷ് രാജ് പുരോഹിത്തിനും ഡിജിപി പദവി നല്‍കും.
പ്രത്യേക അന്വേഷണ സംഘം സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ റിപ്പോർട്ടില്‍ അന്വേഷണ അട്ടിമറിയില്‍ അന്ന് ക്രസമാധാന ചുമതല വഹിച്ചിരുന്ന എഡിജിപി എം.ആർ. അജിത്കുമാറിന്റെ പങ്ക് വ്യക്തമാക്കിയിരുന്നു. ഇതില്‍ അജിത്തിനോടു വിശദീകരണം തേടിയെങ്കിലും സ്വകാര്യ യാത്രയുമായി ബന്ധപ്പെട്ടു കേരളത്തിനു പുറത്തുള്ള സാഹചര്യത്തില്‍ മടങ്ങിയെത്തിയ ശേഷം മറുപടി നല്‍കാമെന്നാണ് അറിയിച്ചത്. ഇന്നു മടങ്ങിയെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിനാല്‍ ഇന്നോ നാളെയോ മറുപടി നല്‍കുമെന്നാണു കരുതുന്നത്.
തുടർന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ സഹിതമുള്ള റിപ്പോർട്ട് ആഭ്യന്തര വകുപ്പിനു കൈമാറും. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സംയുക്ത യോഗം ചേർന്നാകും അജിത്തിനെതിരേയുള്ള തുടർ നടപടി സ്വീകരിക്കുക. നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു നേർക്കു കരിങ്കൊടി കാട്ടിയ കെഎസ്യു- യൂത്ത്കോണ്ഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ ഗണ്മാൻമാർ മർദിച്ചെന്നാണ് പരാതി. കേസ് അന്വേഷിച്ച പ്രത്യേക പോലീസ് സംഘത്തെ എഡിജിപിയുടെ ഓഫീസില്‍ വിളിച്ചുവരുത്തി കേസ് അട്ടിമറിച്ചെന്നാണ് ആരോപണം.

