ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 16 സംസ്ഥാനങ്ങളിലെ 80ഓളം കേന്ദ്രങ്ങളില്‍ ഒരേസമയം സിബിഐ പരിശോധന നടത്തി. സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിനോടു സാമ്യമുള്ള വ്യാജ വെബ്സൈറ്റ് നിർമിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതിന് കോടതിയുടെ രജിസ്ട്രി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പരിശോധനയില്‍ മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍, ബാങ്ക് രേഖകള്‍ എന്നിവ പിടിച്ചെടുത്തു.
തട്ടിപ്പിനെതിരേ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെ ഇടപെടല്‍ നടത്തിയിരുന്നു. തുടർന്നാണ് ഡിജിറ്റല്‍ അറസ്റ്റ് പോലുള്ള തട്ടിപ്പ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. സുപ്രീംകോടതിയുടെ യഥാർഥ വെബ്സൈറ്റിന്റെ യുആർഎല്ലിനോട് തികച്ചും സാമ്യമുള്ള വ്യാജ ഡൊമെയ്ൻ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. പോലീസ് ഉദ്യോഗസ്ഥരോ കേന്ദ്ര അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരോ ജുഡീഷല്‍ ഓഫീസർമാരോ ചമഞ്ഞ് ഇരകളെ ഫോണില്‍ ബന്ധപ്പെടുകയും അവർ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തുകയുമാണ് തട്ടിപ്പുകാരുടെ രീതി.
കേസില്‍നിന്ന് ഒഴിവാകാനും അറസ്റ്റ് തടയാനുമായി വലിയ തുക ആവശ്യപ്പെടുകയും ചെയ്യും. ഇത്തരത്തില്‍ തട്ടിപ്പില്‍ അകപ്പെട്ട നിരവധിപ്പേർക്ക് കോടിക്കണക്കിനു രൂപയാണ് നഷ്ടപ്പെട്ടത്. ഡിജിറ്റല്‍ അറസ്റ്റുമായി ബന്ധപ്പെട്ട് ഇരുനൂറിലധികം കേസുകളില്‍ പങ്കുള്ള ശൃംഖലയിലെ പ്രധാനികളായ രണ്ടുപേരെ സിബിഐ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാജകമ്പനികള്‍ ഉണ്ടാക്കാനും തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൈമാറാനുമായി മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിക്കാനും സഹായിച്ചത് ഇവരാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഈ അക്കൗണ്ടുകള്‍ വഴി ഏകദേശം രണ്ടു കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായാണു വിവരം. തട്ടിപ്പിന്റെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളില്‍ ചിലത് രാജ്യത്തിനു പുറത്തുനിന്ന് പ്രവർത്തിച്ചതായാണ് സിബിഐയുടെ കണ്ടെത്തല്‍.

