ന്യൂജേഴ്സി: ഫിഫ ലോകകപ്പ് ഫുട്ബോളില്‍ നോർവെയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിലെ അട്ടിമറി തോല്‍വിക്ക് പിന്നാലെ ബ്രസീല്‍ സൂപ്പർ താരം നെയ്മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തില്‍ നോർവെയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റ് ബ്രസീല്‍ പുറത്തായതിന് തൊട്ടുപിന്നാലെയാണ് മുപ്പത്തിനാലുകാരനായ താരം വിരമിക്കല്‍ ബോംബ് പൊട്ടിച്ചത്.
കടുത്ത പരിക്കുകള്‍ മൂലം ദീർഘകാലം വിട്ടുനിന്ന ശേഷം ഈ ലോകകപ്പിലാണ് താരം ബ്രസീല്‍ ടീമിലേക്ക് തിരിച്ചെത്തിയത്. മത്സരത്തിന് ശേഷം ഏറെ വികാരാധീനനായി പൊട്ടിക്കരഞ്ഞ നെയ്മർ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ എസ്പോർട്ടെയോട് സംസാരിക്കവെയാണ് തന്റെ വിരമിക്കല്‍ സൂചന നല്‍കിയത്. ഞാൻ ഒരുപാട് ശ്രമിച്ചു, ഇപ്പോള്‍ എല്ലാം അവസാനിച്ചിരിക്കുന്നു, ഇവിടെയാണ് തുടക്കം കുറിച്ചത് ഇവിടെ തന്നെ അവസാനിപ്പിക്കുന്നു എന്നായിരുന്നു നെയ്മറുടെ വാക്കുകള്‍. 2010 ല്‍ യുണൈറ്റഡ് സ്റ്റേറ്റ്സിനെതിരെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു നെയ്മർ തന്റെ സീനിയർ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതും ആദ്യ ഗോള്‍ നേടിയതും.
നീണ്ട പതിനാറ് വർഷങ്ങള്‍ക്ക് ശേഷം അതേ സ്റ്റേഡിയത്തില്‍ വെച്ച് തന്നെ അദ്ദേഹത്തിന്റെ ലോകകപ്പ് സ്വപ്നങ്ങളും അന്താരാഷ്ട്ര കരിയറും അവസാനിച്ചു എന്നത് വിരോധാഭാസമായി. മത്സരത്തില്‍ പകരക്കാരനായി കളത്തിലിറങ്ങിയ നെയ്മർ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി ബ്രസീലിന്റെ ഏക ഗോള്‍ സ്വന്തമാക്കിയിരുന്നു.
എന്നാല്‍ നോർവെ താരം എർലിങ് ഹാലൻഡിന്റെ ഇരട്ട ഗോളുകളുടെ കരുത്തില്‍ നോർവെ വിജയം ഉറപ്പിച്ചതോടെ നെയ്മറുടെ ഗോള്‍ വെറും ആശ്വാസമായി ഒതുങ്ങി. ബ്രസീലിനായി 129 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകള്‍ നേടിയ നെയ്മർ ഇതിഹാസ താരം പെലെയെ മറികടന്ന് രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായാണ് കളം വിടുന്നത്. കരിയറിലെ വലിയൊരു പങ്ക് പരിക്കുകള്‍ വേട്ടയാടിയ താരത്തെ കോച്ച് കാർലോ ആൻസലോട്ടി അപ്രതീക്ഷിതമായാണ് ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.

