പത്തനംതിട്ട: ആറന്മുളയിലെ തോൽവിയുമായി ബന്ധപ്പെട്ട് സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്ന വിമർശനങ്ങളോട് മുൻ മന്ത്രി വീണ ജോർജിന്‍റെ മറുപടി. സ്ഥാനാർഥി മോശമായിരുന്നുവെന്നടക്കമുള്ള വ്യക്തിപരമായ വിമർശനങ്ങളോട് പൊട്ടിത്തെറിച്ചാണ് വീണ മറുപടി നൽകിയത്. മത്സരിക്കാൻ താത്പര്യമില്ലെന്ന് ജില്ലാ നേതൃത്വത്തെ ആദ്യം തന്നെ അറിയിച്ചിരുന്നെന്ന് വീണ വ്യക്തമാക്കി.
തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ല. സ്ഥാനാർത്ഥിയാക്കാൻ മറ്റാരുമില്ല എന്നു പറഞ്ഞ് നിർബന്ധിച്ചാണ് സ്ഥാനാർഥിയാക്കിയത്. തന്‍റെ സ്ഥാനാർഥിത്വത്തിന് പിന്നാലെ മണ്ഡലം സെക്രട്ടറി സ്ഥാനം ഓമല്ലൂർ ശങ്കരൻ സ്വയം ഒഴിഞ്ഞിരുന്നു. എന്നാൽ സ്ഥാനാർഥിക്ക് താല്പര്യമില്ലാത്തതിനാലാണ് ഒഴിവാക്കിയത് എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിച്ചു. ഇത് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തിയെന്നും വീണ ജോർജ് ചൂണ്ടിക്കാട്ടി.
നിർബന്ധിച്ച് സ്ഥാനാർഥിയാക്കിയ ശേഷമുള്ള ഇത്തരത്തിലെ വിമർശനങ്ങളടക്കം എല്ലാം സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്നും വീണ വ്യക്തമാക്കി. അതേസമയം വീണ ജോർജിനെ ചില നേതാക്കൾ തോൽപിക്കാൻ ശ്രമിച്ചുവെന്നും സി പി എം ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു.


