നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട 31 അംഗ മലയാളി സംഘം നാട്ടിലെത്തി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട 31 അംഗ മലയാളി സംഘം നാട്ടിലെത്തി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട 31 അംഗ മലയാളി സംഘം നാട്ടിലെത്തി. കൊച്ചിയിൽ നിന്നുള്ള ട്രാവൽ പാക്കേജിൽ നേപ്പാളിലേക്ക് പോയ യാത്രക്കാരാണ് ഇന്ന് പുലർച്ചെ സുരക്ഷിതരായി നെടുമ്പാശ്ശേരിൽ എത്തിയത്. ദുരന്തം നേരിൽ കണ്ടതിന്റെ നടുക്കത്തിലും, ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടത്തിന്റെ ആശ്വാസത്തിലാണ് ഇവർ. കണ്ണൂർ സ്വദേശികളുടെ സംഘവും ഇന്ന് ഉച്ചയോടെ നാട്ടിൽ എത്തും.

നേപ്പാളിലെ മിന്നൽ പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനം അ‌ഞ്ചാം നാളിൽ. കാണാതായ രണ്ടായിരത്തി അഞ്ഞൂറോളം പേർക്കായി ഇന്നും തെരച്ചിൽ. 7 മലയാളികളടക്കം 287 ഇന്ത്യക്കാരെ ഇനിയും കണ്ടെത്താനായില്ല.

അതേസമയം നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 688 ആയി ഉയർന്നു. കാണാതായ ഇന്ത്യക്കാരിൽ ഇതുവരെ 108 പേരെ രക്ഷിച്ചു. ടിബറ്റ് ഭാഗത്ത് കുടുങ്ങിക്കിടന്ന 598 പേർ നേപ്പാൾ അതിർത്തി സുരക്ഷിതമായി കടന്നു. ടിബറ്റിലുള്ള 900 ഇന്ത്യക്കാർ സുരക്ഷിതരെന്നും വിദേശകാര്യ മന്ത്രാലയം.

കരസേനയിൽ നിന്നുള്ള കൂടുതൽ തുരങ്ക വിദഗ്ധർ നേപ്പാളിലെ രക്ഷാദൗത്യത്തിൽ പങ്കുചേരും. ഫോറൻസിക് വിദഗ്ധർ അടങ്ങുന്ന മെഡിക്കൽ സംഘവും നേപ്പാളിൽ എത്തി. ഒരു ബെയ്ലി പാലത്തിനുള്ള ഉപകരണങ്ങൾ ഇന്ത്യ നേപ്പാളിൽ എത്തിച്ചു. ഏഴ് പാലങ്ങൾക്ക് കൂടിയുള്ള ഉപകരണങ്ങൾ ഉടൻ അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. കൂടുതൽ ഡോക്ടർമാരെയും ഇന്ത്യ നിയോഗിക്കും. നേപ്പാൾ ആവശ്യപ്പെടുന്നത് അനുസരിച്ച് എല്ലാ സഹായത്തിനും തയ്യാറാണെന്ന് ഇന്ത്യ ആവർത്തിച്ചു.