മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ ഡിസിസി അംഗം അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ ഡിസിസി അംഗം അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ചേന്തിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം തടഞ്ഞു നിര്‍ത്തിയ സംഭവത്തില്‍ ഡിസിസി അംഗം അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകാര്യം പൊലീസാണ് ചേന്തി അനിലിനെ കസ്റ്റഡിയില്‍ എടുത്തത്. അതിനു ശേഷം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. മുഖ്യമന്ത്രി ചേന്തിയിലെ ചതയ ദിന പരിപാടിയില്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞത്.

ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ചേന്തിയില്‍ വച്ച്‌ വി ഡി സതീശന്‍ സഞ്ചരിച്ച വാഹനം തടഞ്ഞത്. കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്റെ നേതൃത്വത്തിലാണ് വണ്ടി കൈകാണിച്ച്‌ നിര്‍ത്തിയത്. മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു. ‘എന്താ പ്രശ്‌നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം’ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കില്‍ എന്ത് ചെയ്യും?’ എന്നായിരുന്നു ചേന്തി അനിലിന്റെ മറുപടി.

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവെക്കല്‍, അപമാര്യാദയായി പെരുമാറല്‍, ഗതാഗതം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ചേന്തിയിലെ ചതയ ദിന പരിപാടിയില്‍ പങ്കെടുക്കുമെന്ന് മാസങ്ങള്‍ക്കു മുമ്പ് മുഖ്യമന്ത്രി വി ഡി സതീശന്റെ സമ്മതിച്ചതാണെന്നാണ് ഡിസിസി അംഗം ചേന്തി അനില്‍ അവകാശപ്പെടുന്നത്. അവസാന നിമിഷം വരെ അദ്ദേഹം വരുമെന്ന് പറഞ്ഞു.

ഇന്നലെ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. എന്നാല്‍ ഉള്ളൂരില്‍ കല്യാണ വീട്ടില്‍ എത്തിയ മുഖ്യമന്ത്രി തങ്ങളുടെ പരിപാടിക്ക് എത്തിയില്ല. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് കൈകാണിച്ചപ്പോള്‍ അദ്ദേഹം പുറത്തിറങ്ങി ക്ഷുഭിതനായാണ് സംസാരിച്ചത്. സംഘാടകര്‍ക്കൊപ്പം ഉണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റുകയും ചെയ്‌തെന്ന് ചേന്തി അനില്‍ പറഞ്ഞു.