കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ പിണറായിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം

കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ പിണറായിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം

തിരുവനന്തപുരം:കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് തള്ളിയ പിണറായി വിജയനെതിരെ സി.പി.എമ്മില്‍ പടയൊരുക്കം. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ഒരു വിഭാഗം നേതാക്കളുടെ നീക്കം. പിണറായി ലൈനല്ല പാർട്ടി ലൈനെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയും പാർട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത റിപ്പോർട്ടിനെ പിണറായി വിജയൻ പൂർണമായും നിരാകരിക്കുന്നുവെന്നാണ് വിമർശനം.

പിണറായിയും എം.വി.ഗോവിന്ദനും ഉള്‍പ്പെടെയുള്ള നേതൃത്വത്തിന്റെ വീഴ്ചയും ശൈലിയും സ്ഥാനാർത്ഥി നിർണയവും പരാജയത്തിനിടയാക്കിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ അവലോകന റിപ്പോർട്ട്. എന്നാല്‍ പയ്യന്നൂരും തളിപ്പറമ്പിലും പിണറായി വിജയൻ നടത്തിയ രാഷ്ട്രീയ വിശദീകരണം ഈ റിപ്പോർട്ടിന് എതിരാണ്. തോല്‍വിക്ക് അണികളെ കുറ്റപ്പെടുത്തുകയാണ് പിണറായി ചെയ്തത്. പ്രവർത്തകർ തെറ്റിദ്ധരിക്കപ്പെട്ടതിനാല്‍ പരാജയമുണ്ടായെന്ന പരാമർശം, തെറ്റ് ഉള്‍ക്കൊള്ളാൻ തയ്യാറാകാത്തതിന്റെ സൂചനയായിട്ടാണ് ഇവർ കാണുന്നത്. സ്ഥാനാർത്ഥി നിർണയത്തില്‍ പാളിച്ചയുണ്ടായെന്ന് കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ചൂണ്ടിക്കാണിച്ച പയ്യന്നൂരും തളിപ്പറമ്പിലും മാത്രം എന്തു കൊണ്ട് രാഷ്ട്രീയ വിശദീകരണ യോഗം നടത്തി, സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും അംഗീകരിച്ച റിപ്പോർട്ട് തള്ളി എന്തു കൊണ്ട് സ്വന്തം നിലപാട് അവതരിപ്പിച്ചു എന്നിവയ്ക്ക് മറുപടി വേണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.

പാർട്ടി രേഖയ്ക്ക് എതിരായ നിലപാടാണ് പിണറായി സ്വീകരിക്കുന്നതെന്ന് കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നു. ഈ മാസം 13 മുതല്‍ കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാന സമിതിയില്‍ ഇക്കാര്യം ചർച്ചയാക്കാനാണ് എതിർ പക്ഷത്തിന്റെ നീക്കം. പാർട്ടി വിമതർ മത്സരിച്ച്‌ വിജയിച്ച പയ്യന്നൂരും തളിപ്പറമ്പിലും നയ വിശദീകരണ യോഗം ചേരാൻ സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തിരുന്നില്ല. പാർട്ടി നിലപാടിന് വിരുദ്ധമായി ഏകപക്ഷീയ നിലപാടെടുത്തതോടെ, പാർട്ടിയില്‍ പിണറായി വിജയനെ അനുകൂലിക്കുന്നവരുടെ എണ്ണം കുറയുകയാണെന്നാണ് സൂചന. ഈ മണ്ഡലങ്ങളിലെ പരാജയത്തിന് കാരണം പാർട്ടി കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. അത് വിശദീകരിക്കാൻ തയ്യാറാകാതെ മറ്റൊരു നിലപാട് വിശദീകരിച്ചതില്‍ പിണറായിയോട് അടുപ്പമുള്ള പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.