കവടിയാർ കൊട്ടാരത്തിൽ നിന്ന് രണ്ട് കോടിലധികം വിലമതിക്കുന്ന അപൂർവ്വ ആഭരണങ്ങൾ കവർന്നതായി പരാതി

കവടിയാർ കൊട്ടാരത്തിൽ നിന്ന് രണ്ട് കോടിലധികം വിലമതിക്കുന്ന അപൂർവ്വ ആഭരണങ്ങൾ കവർന്നതായി പരാതി

തിരുവിതാംകൂർ രാജവംശത്തിന്‍റെ ശേഷിപ്പായ കൊട്ടാരത്തിൽ നിന്ന് ഞെട്ടിക്കുന്ന കവർച്ചയുടെ പരാതി. രണ്ട് കോടിലധികം വിലമതിക്കുന്ന അപൂർവ്വ ആഭരണങ്ങളാണ് കൊട്ടാരത്തിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്. താമസക്കാരിയായ ഗൗരി ലക്ഷ്മി ബായിയുടെ കിടപ്പുമുറിയിൽ ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കാണാതായത്. പത്മനാഭസ്വാമിയുട ചിത്രം ആലേഖനം ചെയ്ത സ്വർണപ്പതക്കവും മാലയും ശംഖ് മുദ്രയോട് കൂടിയ സ്വർണപ്പിരിമാല, പച്ചക്കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും റൂബി കല്ലുകളും വജ്രങ്ങളും പതിച്ച വളകൾ,ചുവപ്പ് കല്ല് പതിച്ച കമ്മലുകൾ, ഒരു പവൻ വരുന്ന അഞ്ച് കുതിരപ്പവൻ നാണയങ്ങൾ അങ്ങനെ പന്ത്രണ്ടിലധികം ആഭരങ്ങൾ കളവുപോയി.

കഴിഞ്ഞ ഒക്ടോബർ നവംബർ മാസങ്ങളിൽ മോഷണം നടന്നെന്ന് പരാതി. നവംബറിൽ ബംഗളൂരുവിൽ പോകുന്നതിന് മുമ്പ് ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് ചിലത് കാണാനില്ലെന്ന് വ്യക്തമായത്. കഴിഞ്ഞ മാസങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ചില പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. കേസെടുക്കണമെന്ന് വന്നതോടെ പരാതി നൽകി. തലമുറകളായി കൈമാറി വന്ന, തിരുവിതാംകൂർ രാജവംശത്തിലെ അമൂല്യശേഖരത്തിൽപ്പെടുന്നവയാണ് ആഭരണങ്ങളും. ഇരുമ്പുപെട്ടിയിൽ മറ്റാഭരണങ്ങളും ഉണ്ടായിരുന്നെങ്കിലും ഇത് മാത്രം തിരഞ്ഞുപിടിച്ച് മോഷ്ടിച്ചിട്ടുണ്ട്. മൂന്ന് നിലകളിലായി നൂറ്റിയൻപതോളം മുറികളുളള കൊട്ടാരത്തിൽ പതിനഞ്ച് ജീവനക്കാരുണ്ട്. പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.

മാസങ്ങൾക്ക് മുമ്പുളള മോഷണമായതിനാൽ പൊലീസിന് വെല്ലുവിളിയാണ്. സന്ദർശകരായി നിരവധി പേ‍‍ർ കൊട്ടാരത്തിലെത്താറുണ്ട്. ഓൺലൈൻ വീഡിയോ ചിത്രീകരണങ്ങളടക്കം നടന്നിരുന്നു. കവടിയാല്‍ കൊട്ടാരത്തില്‍ നിന്ന് മോഷണം പോയ ആഭരണങ്ങളായ ഓറഞ്ച് നിറത്തിലുള്ള പവിഴവും , സ്വർണ്ണ മുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ, പിച്ചിപ്പു മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ്ണ പാദസരം,കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം, വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ,വീതി കുറഞ്ഞ 2 സ്വർണ പിരിവള,ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മൽ, പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കവും സ്വർണ്ണ പിരിച്ചെയിനും ,സ്വർണ്ണ കുഴി മിന്നു മാല,എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും,സ്വർണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും,റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 വള,നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും,ഒരു പവൻ വീതം തൂക്കം വരുന്ന 5 കുതിരപ്പവൻ നാണയങ്ങൾ എന്നിവയാണ്.