എബോള ഭീഷണി;സിയാല്‍, എയർപോർട്ട് ഹെല്‍ത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ അടിയന്തിര യോഗം.

എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതല്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി, സിയാല്‍, എയർപോർട്ട് ഹെല്‍ത്ത് ഓർഗനൈസേഷൻ
alternatetext

എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതല്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി, സിയാല്‍, എയർപോർട്ട് ഹെല്‍ത്ത് ഓർഗനൈസേഷൻ എന്നിവയുടെ നേതൃത്വത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ അടിയന്തിര യോഗം. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ യോഗത്തില്‍ തീരുമാനമായി.

വിമാനത്താവളത്തില്‍ 24 മണിക്കൂറും സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. തെർമല്‍ സ്ക്രീനിംഗ്, വിഷ്വല്‍ ഇൻസ്പെക്ഷൻ, 21 ദിവസത്തെ ട്രാവല്‍ ഹിസ്റ്ററി പരിശോധന എന്നിവ ഏർപ്പെടുത്തും. അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിന് സെല്‍ഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണമെന്നും നിർദേശമുണ്ട്. സിയാല്‍ എയർപോർട്ട് ഡയറക്ടർ മനു ജി, എയർപോർട്ട് ഹെല്‍ത്ത് ഓഫീസർ ഡോ. റാഫേല്‍ ടെഡി, സീനിയർ മെഡിക്കല്‍ ഓഫീസർ ഡോ. ആയിഷ മാനിക കെ. എ., സിഐഎസ്‌എഫ്, ഇമിഗ്രേഷൻ, എയർലൈൻസ്, എയർപോർട്ട് അതോറിറ്റി, സിയാല്‍ ജീവനക്കാർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

APHO പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് ഡോ. അന്ന എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതല്‍ പദ്ധതി അവതരിപ്പിച്ചു. റിപ്പോർട്ട് ചെയ്തിട്ടുള്ള എബോള വൈറസിന്റെ അഞ്ച് സ്പീഷിസുകളില്‍ ബുണ്ടിബുഗ്യോ എബോള വൈറസ് (BDBV) വകഭേദത്തിന് ഇതുവരെ ഫലപ്രദമായ വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ലെന്ന് യോഗത്തില്‍ ചൂണ്ടിക്കാട്ടി. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും തുടർന്ന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും ശരീര ദ്രവങ്ങളിലൂടെ രോഗം പകരാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

രോഗബാധയ്ക്ക് ശേഷം 2 മുതല്‍ 21 ദിവസം വരെയാണ് ഇൻക്യൂബേഷൻ കാലയളവ്. പനി, തൊണ്ടവേദന, തലവേദന എന്നിവ ഉള്‍പ്പെടെയുള്ള ഫ്ലൂ സമാന ലക്ഷണങ്ങളാണ് തുടക്കത്തില്‍ കാണപ്പെടുന്നത്. രോഗത്തിന്റെ മരണനിരക്ക് 30 മുതല്‍ 50 ശതമാനം വരെയാണെന്നും യോഗത്തില്‍ വിശദീകരിച്ചു.

ലോകാരോഗ്യ സംഘടന (WHO) എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണ വിധേയരാക്കും. എറണാകുളം ജനറല്‍ ആശുപത്രി, കളമശ്ശേരി സർക്കാർ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷൻ വാർഡുകള്‍ നിലവിലുള്ളത്. ത്രി-ലെയർ മാസ്ക് ഉപയോഗം, സോപ്പ് ഉപയോഗിച്ചുള്ള കൈ കഴുകല്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത സുരക്ഷാ നടപടികള്‍ കർശനമായി പാലിക്കാനും യോഗം നിർദേശിച്ചു