തൃശൂർ: കോടന്നൂരില്‍ സൂപ്പർമാർക്കറ്റില്‍വച്ച് യുവതിക്കും സുഹൃത്തിനും വെട്ടേറ്റു. പള്ളിപ്പുറം സ്വദേശിനിയായ വൈഷ്ണവിക്കാണ് വെട്ടേറ്റത്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കോടന്നൂർ സ്വദേശി അശ്വിനാണ് വൈഷ്ണവിയെയും തടയാൻ ശ്രമിച്ച സുഹൃത്ത് അരുണിനെയും ആക്രമിച്ചത്. ആക്രമണത്തിനുശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. മുൻപ് സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മില്‍ പിന്നീട് അകല്ച്ചയുണ്ടായതാണ് ഈ ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
ഞായറാഴ്ച വൈകീട്ടോടെ കോടന്നൂരിലെ സൂപ്പർമാർക്കറ്റിനു മുന്നില്‍വച്ചാണ് അശ്വിൻ വൈഷ്ണവിയെ കാണുന്നത്. തുടർന്ന് യുവതിയുടെ മുടിയില്‍ കുത്തിപ്പിടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ഈ സമയം അക്രമം തടയാൻ ശ്രമിച്ച വൈഷ്ണവിയുടെ സുഹൃത്ത് അരുണിനും കുത്തേറ്റു. ആക്രമണത്തില്‍ വൈഷ്ണവിക്ക് വയറിനും അരുണിന് കൈയ്ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. പ്രതി അശ്വിൻ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാല്‍ ഭയം മൂലം നാട്ടുകാർക്ക് ആദ്യം സംഭവത്തില്‍ നേരിട്ട് ഇടപെടാൻ തയാറായില്ല.
ആക്രമണത്തിന് ഇരയായ ഉടനെത്തന്നെ ജീവനുംകൊണ്ട് സൂപ്പർമാർക്കറ്റിനകത്തേക്ക് കയറിയ വൈഷ്ണവി കടുത്ത ഭീതിയെത്തുടർന്ന് ഏറെനേരം അവിടെത്തന്നെ തുടർന്നു. പിന്നീട് പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതി അശ്വിനായുള്ള ഊർജിതമായ തെരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്


