അത്തം പിറന്നു,ഓണം ഇങ്ങത്തി; ഓണാവേശത്തിലേക്ക് മലയാളി

അത്തം പിറന്നു,ഓണം ഇങ്ങത്തി; ഓണാവേശത്തിലേക്ക് മലയാളി
alternatetext

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം പിറന്നതോടെ, മലയാളി ഓണാവേശത്തിലേക്ക് കടന്നു. ഇനി തൊടികളിൽ പൂ പറിച്ചും പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും രുചിയറിഞ്ഞുമുള്ള ഓണനാളുകളായിരിക്കും. അത്തം പത്തിന് പൊന്നോണം എന്നാണ് ചൊല്ലെങ്കിലും ഇക്കുറി പതിനൊന്നാം നാളാണ് പൊന്നോണം. തിരുവോണം വരെയുള്ള ദിവസങ്ങളിൽ വീടുകളിൽ പൂക്കളങ്ങൾ വിരിയുന്ന ഓണക്കാലത്തിന്റെ തിരക്കുകളിലേക്ക് നാട് ഉണർന്നുകഴിഞ്ഞു.

വസ്ത്ര, പൂ വിപണികൾ ഇതോടകം തന്നെ സജീവമായിക്കഴിഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം വിപണിയിലേക്ക് പൂക്കൾ എത്തിത്തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഓണക്കാലത്തിന്റെ വിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. കൊച്ചി രാജവംശത്തിന്റെ പ്രതിനിധി അത്തം പതാക നഗരസഭയ്ക്ക് കൈമാറിയതോടെ ചടങ്ങുകൾ ആരംഭിച്ചു. അത്തം നഗറിൽ (തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനി) രാവിലെ 9 ന് അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും.

ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് പതാക ഉയർത്തും. തുടർന്ന് ചലച്ചിത്ര താരം ജഗദീഷ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയിൽ അണിനിരക്കുന്നത്. പുലികളി, തെയ്യം, വേലകളി, ചെണ്ടമേളം തുടങ്ങിയ തനത് നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര തൃപ്പൂണിത്തുറ നഗരത്തെ ആഘോഷത്തിലാഴ്ത്തുന്നത്. ഞായറാഴ്ച അവധി ദിവസമായതിനാൽ വൻ ജനത്തിരക്ക് ഉണ്ടാകാനാണ് സാധ്യത. അതിനാൽ തന്നെ നഗരത്തിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.