വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം;ഭര്‍ത്താവിന്റെ ബന്ധു അറസ്റ്റില്‍

വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം;ഭര്‍ത്താവിന്റെ ബന്ധു അറസ്റ്റില്‍
alternatetext

ഇടുക്കി ശാന്തന്‍പാറക്ക് സമീപം ശങ്കരപാണ്ഡ്യമെട്ടില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശങ്കരപാണ്ഡ്യമെട്ടില്‍ താമസിക്കുന്ന ജഗന്‍ മോഹന്റെ ഭാര്യ ശാന്തിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവിന്റെ ബന്ധുവിനെ ശാന്തന്‍പോറ പൊലീസ് അറസ്റ്റു ചെയ്തു. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം.

തിങ്കളാഴ്ചയാണ് വീട്ടിനുള്ളില്‍ ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭത്താവ് ജഗന്‍മോഹന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവും ആനയിറങ്കല്‍ സ്വദേശിയുമായി രാമകൃഷ്ണന്‍ ഇവരുടെ വീട്ടില്‍ എത്തി. ആണി വാങ്ങാനാണ് രാമകൃഷ്ണനെത്തിയത്. ശാന്തി ജഗന്‍മോഹനെ ഫോണില്‍ വിളിച്ച്‌ ഇക്കാര്യം പറഞ്ഞു. താന്‍ തിരികെ വന്നതിനുശേഷം ആണി കൊടുക്കാം എന്ന് ജഗന്‍ മോഹന്‍ പറഞ്ഞു. ഇതിനായി രാമകൃഷ്ണന്‍ വീട്ടില്‍ കാത്തിരുന്നു. ജഗന്‍ മോഹന്‍ തിരിച്ചെത്തിയപ്പോള്‍ കിടപ്പു മുറയില്‍ നിലത്ത് വീണു കിടക്കുന്ന ശാന്തിയെയാണ് കണ്ടത്.

ശാന്തി തനിക്ക് ചായ തന്നതിനു ശേഷം കുഴഞ്ഞു വീണതാണെന്ന് രാമകൃഷ്ണന്‍ ജഗന്‍ മോഹനോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പൂപ്പാറയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചു പരിശോധനയില്‍ ശാന്തി മരിച്ചതായി കണ്ടെത്തിയതോടെ പൊലീസിനെ വിവരമറിയിച്ചു. ശാന്തന്‍പാറ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം പരിശോധനക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ് ശാന്തിയുടെ കഴുത്തില്‍ അസ്വാഭാവികമായ അടയാളം കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസംമുട്ടിയാണ് ശാന്തി മരിച്ചതെന്ന് കണ്ടെത്തി. രാമകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ശാന്തിയെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു