ശബരിമല വിമാനത്താവളം കൊടുമൺ പ്ലാന്റേഷനിൽ വേണമെന്ന ആവശ്യം ശക്തം

ശബരിമല വിമാനത്താവളം കൊടുമൺ പ്ലാന്റേഷനിൽ വേണമെന്ന ആവശ്യം ശക്തം
alternatetext

അടൂർ: യാതൊരു വിധ ആക്ഷേപങ്ങൾക്കോ, തർക്കങ്ങൾക്കോ ഇടവരുത്താതെ
1200 ഹെക്ടർ വിസ്‌തൃതിയില്‍ പരന്നുകിടക്കുന്ന പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിലെ കൊടുമൺ എസ്റ്റേറ്റിൽ ശബരിമല വിമാനത്താവളം വേണമെന്ന ആവശ്യം കൂടുതൽ ശക്തമാക്കാൻ ആക്ഷൻ കമ്മറ്റിയുടെ തീരുമാനം. തിരുവനന്തപുരം, നെടുമ്പാശേരി വിമാനതാവളങ്ങളുമായി ഏകദേശം തുല്യ അകലത്തിലാണ് കൊടുമൺ എന്ന പ്രദേശം.

ശബരിമല, എരുമേലി, പരുമല ,ചന്ദനപ്പള്ളി ,ആറൻമുള, മലയാലപ്പുഴ, കൊട്ടാരക്കര, തുടങ്ങിയ ആരാധനാലയങ്ങൾ, മാരാമൺ, കുമ്പനാട് ,ചെറുകോൽപ്പുഴ കൺവൻഷനുകളിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കും,മൂന്നാർ തേക്കടി, വാഗമൺ, കുമരകം, കോന്നി ആനതാവളം, ഇക്കോ ടൂറിസം, ഗവി, കാട്ടാത്തിപ്പാറ, ആലപ്പുഴ ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ, എന്നിവിടങ്ങളിലെത്തുന്ന വിനോദസഞ്ചാരികൾക്കും അതോടൊപ്പം പ്രസ്തുത ജില്ലകളുടെ വികസനത്തിനും ഇത് ഏറെ പ്രയോജനപ്രദമാവും.

കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ മലയാളികൾ ഉള്ള മദ്ധ്യതിവിതാംകൂർ പ്രദേശത്തോടു ചേർന്ന് കിടക്കുന്ന കൊടുമൺ എന്തുകൊണ്ടും ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ സ്ഥലവുമാണ്. പത്തനംതിട്ട ജില്ലയുടെ എല്ലാ പ്രദേശങ്ങളുടെയും കോട്ടയം, ഇടുക്കി, കൊല്ലം ആലപ്പുഴ ,ജില്ലകളുടെ വികസനത്തിനും ,ഈ ജില്ലകളിലെ പ്രവാസികൾക്കുംഇത് വളരെ സഹായകരമാവും.

നിലവിൽ ഏറ്റെടുക്കാൻ ആലോചിക്കുന്ന ഭൂമിക്ക് പകരം പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ കൊടുമൺ ശബരി സാംസ്കാരിക സമിതി നേരത്തെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നിർദിഷ്ട ശബരിമല വിമാനത്താവളത്തിനു പത്തനംതിട്ട ജില്ലയിൽ കൊടുമണിലുള്ള പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമിയുടെ സാധ്യതകളും പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

ശബരിമല വിമാനത്താവളത്തിനായി എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായുള്ള 1000.28 ഹെക്ടർ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റിന്റെ 2264.09 ഹെക്ടർ ഭൂമിയും ഏറ്റെടുക്കുമെന്നാണ് സർക്കാർ വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഈ ഭൂമി ഏറ്റെടുത്താൽ നൂറുകണക്കിന് ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വരും. 250ഓളം വീടുകളെ ബാധിക്കും. അതുപോലെ ഭൂമി ഏറ്റെടുക്കുന്നതിനും വലിയ തോതിൽ നഷ്ടപരിഹാരം നൽകണം. ആളുകള്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിക്കുന്നുമുണ്ട്.അതുപോലെ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച് ഹൈക്കോടതിയിലടക്കം വിവിധ കോടതികളിൽ കേസുകൾ നടക്കുന്നുമുണ്ടെന്ന് ഹർജിക്കാർ പറഞ്ഞിരുന്നു .

ഈ സാഹചര്യത്തിലാണ് കൊടുമണിലെ പ്ലാന്റേഷൻ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിമാനത്താവളത്തിനായി പരിഗണിക്കാനുള്ള ആലോചനകൾ വരുന്നത്. കൊടുമൺ എസ്റ്റേറ്റ് പരിഗണിച്ചാൽ വൻതോതിൽ ജനങ്ങളെ ബാധിക്കുന്ന രീതിയിൽ ഭൂമിയേറ്റെടുക്കൽ ഒഴിവാകും. എല്ലാ വശങ്ങളിലും അപ്രോച്ച് റോഡുള്ളതാണ് കൊടുമൺ എസ്റ്റേറ്റ്. ജലാശയങ്ങളും തണ്ണീർത്തടങ്ങളും നികത്തേണ്ടതില്ല.

എന്നാൽ ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ ഏറ്റെടുത്താൽ പ്രകൃതി സ്രോതസ്സുകളെയും പൊതുജനങ്ങളെയും ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം മുഖ്യമന്ത്രിക്കു മുമ്പാകെയും സമർപ്പിച്ചിട്ടുണ്ട് എന്ന് ഹര്‍ജിക്കാർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ പദ്ധതിക്കായി സാമൂഹികാഘാത പഠനം നടത്തുമ്പോൾ കൊടുമണിലെ പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമിയിലും നടത്തണമെന്നും ഹർജിക്കാർ വാദിച്ചു. തുടർന്നാണ് ഈ സാധ്യതകൾ കൂടി പരിഗണിക്കാൻ അന്ന് കോടതി നിർദേശിച്ചത്.