പത്തനംതിട്ട : പത്തനംതിട്ടയിലെ അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ പൂർണമായി തയാറെന്നും ക്ലീനിങ് ഉള്‍പ്പെടെയുള്ള പ്രവർത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീർക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും റവന്യൂ മന്ത്രി എ.പി. അനില്‍ കുമാർ. എൻ.ഡി.ആർ.എഫ്. സംഘങ്ങളും കൂടുതല്‍ പൊലീസും ഇവിടെ എത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ നടക്കുകയാണെന്നും റവന്യൂ മന്ത്രി കൂട്ടിച്ചേർത്തു. സമീപ ജില്ലകളില്‍ നിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകളും ആറൻമുള, റാന്നി മേഖലകളിലേക്ക് എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മിന്നല്‍ പ്രളയങ്ങള്‍ പ്രവചിക്കുന്നതില്‍ കാലാവസ്ഥാ വകുപ്പിന് പരിമിതികളുണ്ടെന്ന് മന്ത്രി എ.പി. അനില്‍ കുമാർ വിശദീകരിച്ചു. ഏത് അലർട്ട് വന്നാലും മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. അലർട്ട് ഗ്രീൻ ആണെങ്കിലും സർക്കാർ സംവിധാനങ്ങള്‍ എന്തിനെയും നേരിടാൻ സജ്ജരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ സാഹചര്യങ്ങള്‍ വിലയിരുത്താൻ കോഴഞ്ചേരി റെസ്റ്റ് ഹൗസില്‍ മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേർന്നു. ആറൻമുള എം.എല്‍.എ. അബിൻ വർക്കി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. പമ്പയില്‍ ജലനിരപ്പ് ഉയരുന്നത് അടിയന്തര സാഹചര്യമാണെന്നാണ് വിലയിരുത്തല്‍.
എൻ.ഡി.ആർ.എഫ്., മത്സ്യത്തൊഴിലാളി സംഘം, അഗ്നിരക്ഷ സേന എന്നിവർ ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. കൊല്ലത്ത് നിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. ജനങ്ങള്‍ അധികൃതരുടെ കൃത്യമായ നിർദേശങ്ങള്‍ പാലിക്കാൻ തയാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൂഴിയാർ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തിയത് ഏറ്റവുമധികം ബാധിക്കുക ആറൻമുളയെയാണെന്ന് അബിൻ വർക്കി പറഞ്ഞു. ഇപ്പോള്‍ തന്നെ ആറൻമുളയില്‍ വെള്ളം നിറഞ്ഞുകിടക്കുകയാണ്. അതിന് മുകളിലാണ് ഇനി കൂടുതല്‍ വെള്ളം എത്തുന്നത്. അത് ഗുരുതരമായ സാഹചര്യമായി കാണണം. അത് നേരിടാനാണ് കൂടുതല്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നതെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു. വെള്ളം വരില്ലെന്ന ആത്മവിശ്വാസത്തില്‍ വീടിന്റെ മുകള്‍ നിലയില്‍ കഴിഞ്ഞുകൂടാമെന്ന് ആരും കരുതരുതെന്നും ദയവായി ക്യാമ്പുകളിലേക്ക് മാറണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരാൻ സാധ്യത. 10 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പമ്പ ത്രിവേണിയില്‍ ജലനിരപ്പ് ഉയർന്നു. ഇതോടെ പമ്പയുടെ ഇരുകരകളിലുമായി താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നല്‍കി. 40 കിലോമീറ്റർ വേഗതയില്‍ വരെ കാറ്റ് വീശാൻ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലർട്ട്. കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ജാഗ്രത നിർദേശം നല്‍കി. മൂഴിയാർ ഡാമിലെ ജലനിരപ്പ് 190 മീറ്റർ എത്തിയാല്‍ ഡാം തുറന്നുവിടാൻ നിർദേശമുണ്ട്. ജില്ലയില്‍ അതിതീവ്രമഴയാണെന്നും ആളുകള്‍ ഉടൻ തന്നെ മാറിതാമസിക്കണമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. മൂഴിയാർ ഡാം തുറക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. റാന്നിയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും മന്ത്രി അറിയിച്ചു.


