മുഖ്യമന്ത്രിയുടെ യാത്രക്ക് പൈലറ്റും എസ്കോര്‍ട്ടും മാത്രം മതിയെന്ന് വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ യാത്രക്ക് പൈലറ്റും എസ്കോര്‍ട്ടും മാത്രം മതിയെന്ന് വി ഡി സതീശൻ
alternatetext

പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ശൈലി മാറ്റവുമായി വിഡി സതീശന്‍. മുഖ്യമന്ത്രിക്ക് നല്‍കി വരുന്ന അധിക സുരക്ഷയുടെ ആവശ്യമില്ലെന്നും പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെയുള്ള മറ്റ് വാഹനങ്ങളൊന്നും വേണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയുക്ത മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. എസ്കോർട്ടും പൈലറ്റും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തു.

തനിക്കായി പുതിയ കാറ് വേണ്ടെന്നാണ് സതീശൻ നിർദേശം നൽകിയിരിക്കുന്നത്. പുതിയ കാർ വാങ്ങിയാൽ ഭരണ സംവിധാനത്തിന് കൊടുക്കുന്ന തെറ്റായ സന്ദേശമാണ്. കാരണം അത്രയും സാമ്പത്തിക നില മോശമായ സമയത്ത് നമ്മൾ ചില മാതൃകകൾ സൃഷ്ടിക്കണം. ഉള്ള കാർ ഏതാണോ അത് ഉപയോഗിക്കും, ഏത് കാറാണോ എടുക്കും, കളർ നോക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

കിഫ് ഹൌസിൽ നിന്ന് സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലേക്കുള്ള മൂന്നര കിലോമീറ്റർ പിണറായി പാഞ്ഞുപോയിരുന്നത് വാഹന കൂട്ടങ്ങളുമായാണ്. കോൺവോയ് കടന്ന് പോകുമ്പോൾ ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ജനങ്ങളെ വലയ്ക്കുന്നെന്ന പരാതിയും വ്യാപകമായിരുന്നു.

ഭരണം വിഡി സതീശനിലേക്കെത്തുമ്പോൾ ആദ്യ പൊളിച്ചെഴുത്ത് ഈ സംവിധാനത്തിലാണ്. ഏറിപ്പോയാൽ ഒരു പൈലറ്റും എസ്കോട്ടും. അതിനപ്പുറമൊരു സുരക്ഷയുടേയും ആവശ്യം ഇല്ലെന്നും അകമ്പടി വാഹനങ്ങൾ എണ്ണം കുറക്കണമെന്നും ഉള്ള കർശന നിർദ്ദേശം പൊലീസിനുണ്ട്.

മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോള്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പോലീസും എസ്‌കോര്‍ട്ടും വേണ്ടെന്നായിരുന്നു വിഡി സതീശന്റെ നിലപാട്. എന്നാല്‍ അത് നിര്‍ബന്ധമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.