ആലപ്പുഴ: കയർമേഖലയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല. അതിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും സഹകരണവും കൂട്ടായ്മയും ആവശ്യമാണ്. ‘കയറിന് ഒരു കൈത്താങ്ങ്, ഒരു വീട്ടില്‍ ഒരു കയർ ഉത്പന്നം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആധുനിക വിപണിക്ക് അനുയോജ്യമായ മൂല്യവർദ്ധിത കയർ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിച്ചാലേ വിപണിയില്‍ പിടിച്ചു നില്‍ക്കാനാകൂ.
സാമ്പത്തിക പരാധീനതകള്‍ക്കിടയിലും കയർ മേഖലയ്ക്കായി ഓണത്തിന് മുമ്പ് സർക്കാർ 56.45 കോടി അനുവദിച്ചു. 443 കയർ സംഘങ്ങള്‍ക്ക് പ്രവർത്തനക്ഷമത വിലയിരുത്തി 4.56 കോടി വർക്കിംഗ് ക്യാപ്പിറ്റലായി നല്‍കും. കയർ ഭൂവസ്ത്രം വിതരണം ചെയ്തതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കുടിശികയായി നല്‍കാനുള്ള 68 കോടിയില്‍ 41 കോടി റിലീസ് ചെയ്തിട്ടുണ്ട്. കയർഫെഡും കയർകോർപ്പറേഷനും സംഘങ്ങള്‍ക്ക് നല്‍കാനുള്ള കയർ വില കുടിശികയില്‍ 12 കോടിയില്‍ 10.95 കോടി നല്‍കാൻ തീരുമാനമെടുത്തു.
തൊഴിലെടുക്കാൻ കഴിയാത്ത കയർതൊഴിലാളികള്‍ക്ക് ഓണത്തിന് ആശ്വാസത്തുക നല്‍കണമെന്ന കെ.സി.വേണുഗോപാല്‍ എം.പിയുടെ നിർദ്ദേശം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും വ്യക്തമാക്കി. പദ്ധതിയുടെ ലോഗോ പ്രകാശനവും ആനുകൂല്യ വിതരണവും കെ.സി.വേണുഗോപാല്‍ നടത്തി.
കയറിന് കൈത്താങ്ങ് പദ്ധതിയുടെ ആദ്യവില്പന മന്ത്രി രമേശ് ചെന്നിത്തലയും മുൻ എം.എല്‍.എ ടി.കെ.ദേവകുമാറും ചേർന്ന് നിർവഹിച്ചു. കൊയ്റോ ഇക്കോ ഫ്രണ്ട്ലി ലാപ്പ്ടോപ് കൂളിംഗ് പാഡ്, ഡയറക്ടർ ഡോ.അഭിഷേകിന് നല്‍കി മന്ത്രി പുറത്തിറക്കി. കയർ ഡയറക്ടർ സമീർ കിഷൻ പദ്ധതി വിശദീകരിച്ചു.


