മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശബരിമലയില്‍ വൻ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ വലിയ നടപ്പന്തല്‍ തീർത്ഥാടകരെ കൊണ്ട് നിറഞ്ഞിരുന്നു. നട തുറന്ന നാലു മണി സമയത്ത് തീർത്ഥാടകരുടെ നിര ശരം കുത്തി വരെ നീണ്ടു. തിങ്കളാഴ്ച 40000 പേർക്കാണ് വെർച്ചല്‍ ക്യൂ ബുക്കിംഗ് അനുവദിച്ചിരുന്നത്. പുല്ലുമേട് കാനന പാത വഴിയും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ഭക്തർ വെർച്ചല്‍ ക്യൂ ബുക്കിംഗ് ഇല്ലാതെ എത്തിയതോടെ പമ്ബയിലെ സ്പോട്ട് ബുക്കിംഗ് കൗണ്ടറിന് മുമ്ബിലും വലിയ തിക്കുംതിരക്കും അനുഭവപ്പെട്ടു. വൈകിട്ട് ആറുമണി വരെ 25000 ഓളം തീർത്ഥാടകർ ദർശനം നടത്തിയതായാണ് കണക്കാക്കപ്പെടുന്നത്. ചൊവ്വാഴ്ച മുതല്‍ വെർച്ചല്‍ ക്യൂ വഴി 70000 പേർക്കും സ്പോർട്ട് ബുക്കിംഗ് മുഖേനെ 10000 പേർക്കും ദർശന സൗകര്യം ലഭിക്കും.
14 ന് നടക്കുന്ന മകരവിളക്കിനോട് അനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രണത്തിൻ്റെ ഭാഗമായി 13, 14 തിയതികളില്‍ തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും.