ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകും:വിഡി സതീശൻ

ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകും:വിഡി സതീശൻ
alternatetext

തിരുവനന്തപുരം: ദുരന്തനിവാരണ രംഗത്ത് ഏറെ ഉപകാരപ്രദമാകുന്ന എഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ് സംവിധാനം കേരളത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. ഡാമുകളിലേക്കുള്ള വെള്ളത്തിന്റെ വരവ്, പുറത്തേക്കുള്ള ഒഴുക്ക് , മഴയുടെ അളവ് എന്നിവ ശാസ്ത്രീയമായി വിലയിരുത്തിയ ശേഷമായിരിക്കും ഇനി ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുക. വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുന്നതിനായി ഡാമുകളിലും നദികളിലും അടിഞ്ഞുകൂടിയ മണ്ണും ചെളിയും അടിയന്തരമായി നീക്കം ചെയ്യും.

ഒഡീഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ മാതൃകയില്‍ കാലാവസ്ഥാ പ്രവചനവും ഫ്ലഡ് മാപ്പിംഗും ശക്തിപ്പെടുത്തി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി പ്രത്യേക ‘ഡിസാസ്റ്റർ റെസീലിയൻസ് പ്രോഗ്രാമിന്’ രൂപം നല്‍കും. സംസ്ഥാനത്തെ നദികള്‍, തടാകങ്ങള്‍, കനാലുകള്‍ എന്നിവ ഉള്‍പ്പെടുത്തി സമഗ്രമായ അസറ്റ് രജിസ്റ്റർ തയ്യാറാക്കും. നദീതീരങ്ങളിലെ അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്താൻ ലാൻഡ് ഓഡിറ്റിംഗ് നടത്തി കർശന നടപടികള്‍ സ്വീകരിക്കും.

ഫ്ലഡ് മാപ്പിംഗ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ നടപടികളിലൂടെ ഭാവിയിലെ പ്രളയസാധ്യത പരമാവധി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.തോട്ടപ്പള്ളി സ്പില്‍വേയിലെ മാലിന്യങ്ങളും എക്കലും നീക്കം ചെയ്ത് വെള്ളമൊഴുക്ക് സുഗമമാക്കാനും തണ്ണീർമുക്കം ഉള്‍പ്പെടെയുള്ള ഷട്ടറുകള്‍ തുറന്ന് അപ്പർ കുട്ടനാട് മേഖലയില്‍ പ്രത്യേക ശ്രദ്ധ നല്‍കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്