മൈക്രോഫിനാൻസ് തട്ടിപ്പ്; വിജിലൻസ് എസ്പി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

മൈക്രോഫിനാൻസ് തട്ടിപ്പ്; വിജിലൻസ് എസ്പി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും
alternatetext

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ എസ്എൻഡിപി യോഗം മൈക്രോഫിനാൻസ് തട്ടിപ്പിൽ അന്വേഷണ പുരോഗതി അറിയിക്കാൻ വിജിലൻസ് എസ്പി ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകും. 17 കേസുകളിൽ കുറ്റപത്രം തയ്യാറായെന്നും സമാന ആരോപണങ്ങളുള്ള കേസുകളിൽ ഏകീകരിച്ച് കുറ്റപത്രം നൽകാനാണ് ശ്രമമെന്നും വിജിലൻസ് എസ്പി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കേസ് അന്വേഷണം വൈകുന്നതിലും വിചാരണ തുടങ്ങാത്തതിലും കടുത്ത അതൃപ്തിയാണ് ഹൈക്കോടതി അറിയിച്ചത്.

കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്നും കുറ്റപത്രം നൽകാൻ വൈകുന്നുവെന്നുമുള്ള വിമർശനത്തോടെ ആണ് എസ്പി ശശിധരനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം നൽകിയിരുന്നത്. മൈക്രോഫിനാൻസ് തട്ടിപ്പിൽ 2016ലാണ് വിജിലൻസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വെള്ളാപ്പള്ളി നടേശൻ, യോഗം പ്രസിഡന്‍റ് എം എൻ സോമൻ അടക്കമുള്ള പ്രതികൾ അന്വേഷണത്തിൽനിന്ന് ഒഴിവാകാൻ ശ്രമിച്ചെങ്കിലും പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

കുറ്റപത്രം സമർപ്പിക്കാനും കോടതി വിജിലൻസിന് നിർദേശിച്ചിരുന്നു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്നും പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ചൂണ്ടിക്കാട്ടി 2024ൽ കോടതി ഉത്തരവിട്ടെങ്കിലും കാലതാമസം ഉണ്ടായി. പിന്നീടാണ് എസ്പി ശശിധരൻ്റെ നേതൃത്വത്തിലുള്ള പുതിയ സംഘം കേസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണ സംഘം രണ്ട് കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.