അപകട ഭീഷണി മുഴക്കി പന്തളം – മാവേലിക്കര റോഡ്

അപകട ഭീഷണി മുഴക്കി പന്തളം - മാവേലിക്കര റോഡ്
alternatetext

പന്തളം : പൊതുമരാമത്ത് വകുപ്പിന്റെ കെ എസ് റ്റി പി വിഭാഗം നേതൃത്വം നൽകി പണി കഴിപ്പിച്ച പന്തളം – മാവേലിക്കര റോഡ് അപകട ഭീഷണി മുഴക്കി യാത്രക്കാർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്. റോഡ് ടാറിങ് പൂർത്തിയായി മാസങ്ങൾ തികയുന്നതിന് മുൻപാണ് സ്ഥിരമായി റോഡ് തകരുന്ന അപകടകരമായ സ്ഥിതി പന്തളം – മാവേലിക്കര റോഡിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് . വശങ്ങളിലെ ഓട നിർമ്മാണം പോലും പൂർത്തിയാകാത്ത റോഡാണ് ടാറിങ്ങിനു ശേഷം മാസങ്ങൾക്കകം തകർന്നു കൊണ്ടിരിക്കുന്നത്.

പന്തളം ജംഗ്ഷൻ മുതൽ ഐരാണികൂടി വരെയുള്ള ഭാഗങ്ങൾ പല അപാകതകൾ ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകിയിരുന്നു . കെ എസ് റ്റി പി യുടെ വിജിലൻസ് വിഭാഗവും ക്വാളിറ്റി കൺട്രോൾ വിഭാഗവും പരാതി അനുസരിച്ച് ദിവസങ്ങൾക്കകം സ്ഥലം സന്ദർശിക്കുകയും റിപ്പോർട്ടുകൾ തയ്യാറാക്കി മടങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും അപകട ഭീഷണികൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്.

റോഡിന് കുറുകെ കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് കുടിവെള്ളം പാഴാക്കുകയും 10 മീറ്റർ നീളത്തിൽ ഒന്നര മീറ്ററോളം ഗർത്തം ഉണ്ടാവുകയും ചെയ്തിരുന്ന ഭാഗം വലിയ മാളങ്ങൾ റോഡിൻറെ നടുവിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു . യാതൊരു അപായസൂചനകളോ ബോർഡുകളോ ഇല്ലാത്തതിനാൽ ഭാരവാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പന്തളം – മാവേലിക്കര റോഡ് ജനജീവിതത്തെ ദുസ്സഹമാക്കുകയാണ് . റോഡ് നിർമ്മാണത്തെക്കുറിച്ച് മനുഷ്യാവകാശ പ്രവർത്തകരും റസിഡൻസ് അസോസിയേഷനും മറ്റു ജനകീയ കൂട്ടായ്മയും നിരന്തരം പിഡബ്ല്യുഡി , കെഎസ് റ്റി പി വകുപ്പുകൾക്ക് പരാതി നൽകിക്കൊണ്ടിരിക്കുകയാണ്.

ചെറിയ മഴയിൽ പോലും വശങ്ങളിലെ നഗരസഭ റോഡുകളിലെ വെള്ളക്കെട്ടും ഓടയുടെ വശങ്ങളിലെ ദ്വാരങ്ങളിലൂടെ വീടുകളിലും കടകളിലും വെള്ളം കയറി സാധനങ്ങൾ നശിച്ചു പോകുന്നതുമായ പരാതികൾ മുൻപും നൽകിയതിൻറെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വിഭാഗങ്ങൾ പരിശോധന നടത്തുക മാത്രമാണ് ചെയ്തിട്ടുള്ളത് . ദിവസങ്ങൾക്കു മുൻപ് റോഡിൻറെ വശങ്ങളിലെ നടപ്പാതയിൽ ഓടയ്ക്കു മുകളിൽ അശ്രദ്ധമായി ഇട്ടിരിക്കുന്ന സ്ലാബിന്റെ വിടവുകളിലൂടെ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ മറിഞ്ഞുവീണ് അപകടം സംഭവിക്കുകയുണ്ടായി .

വശങ്ങളിലെ ഓടയുടെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്. മാസങ്ങൾക്കു മുൻപ് ഓടസ്ഥാപിച്ച് മൂടികൾ പോലും കൃത്യമായി സ്ഥാപിക്കാൻ നിർമ്മാണ കമ്പനികൾക്ക് കഴിഞ്ഞിട്ടില്ല. മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥ കൂടി ഇതിന് കാരണമായിരിക്കുകയാണ്. റോഡും നടപ്പാതയും തമ്മിൽ ഉയര വ്യത്യാസമുള്ളിടത്ത് സിമൻറ് തേച്ച് ചരിവ് ഉണ്ടാക്കിയിരിക്കുന്നതിനാൽ കാൽനടയാത്രക്കാർ തെന്നി വീഴുന്നതും പതിവാണ്.

ഓട നിർമ്മാണത്തിലെ അപാകത മൂലം വീടുകളിലേക്ക് വാഹനങ്ങൾ കയറ്റാൻ കഴിയാത്തതിനാൽ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നുപ്രാവശ്യം വരെ ഓട പൊളിച്ചു പണിഞ്ഞ സംഭവവും മുട്ടാർ ഭാഗത്ത് ഉണ്ടായിട്ടുണ്ട് . റോഡ് നിർമ്മാണത്തിലെ അപാകതമൂലം അപകടങ്ങളും അപകടമരണങ്ങളും തുടർക്കഥയാവുകയാണ് ഈ ഭാഗങ്ങളിൽ.

ഈ അനാസ്ഥയ്ക്കെതിരെ ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റിയും മുട്ടാർ റസിഡൻസ് അസോസിയേഷനും നാട്ടുകാരെയും വഴിയാത്രക്കാരെയും ഉൾപ്പെടുത്തി കൂടുതൽ പ്രതിഷേധ സമരത്തിലേക്ക് നീങ്ങുകയാണ് . ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി ചെയർമാൻ ഇ എസ് നുജുമുദീൻ , മുട്ടാർ റസിഡൻസ്റ് അസോസിയേഷൻ ഭാരവാഹികളായ വൈ റഹിം റാവുത്തർ, തോമസ് കുഞ്ഞുകുട്ടി, കെ ജി ജനാർദ്ദനൻ തുടങ്ങിയവരും പ്രതിഷേധം അറിയിച്ചു . അശാസ്ത്രീയവും അപകടകരവുമായ റോഡ് നിർമ്മാണത്തിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ പൊതുജനങ്ങളെ അണിനിരത്തി റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അവർ അറിയിച്ചു.