തിരികെ സ്‌കൂളില്‍ കാംപെയിൻ:സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്തത് പത്തനംതിട്ട ജില്ലയിൽ

തിരികെ സ്‌കൂളില്‍ കാംപെയിൻ:സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്തത് പത്തനംതിട്ട ജില്ലയിൽ
alternatetext

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ തിരികെ സ്‌കൂളില്‍ കാംപെയ്‌നില്‍ പങ്കെടുത്തത് പത്തനംതിട്ട ജില്ലയിലാണെന്ന് ആരോഗ്യ,വനിതാ-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച തിരികെ സ്‌കൂളിലേക്ക് കാംപെയ്‌ന്റെ ജില്ലാതല സമാപനപ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കാംപെയ്‌ന്റെ ഭാഗമായി 2023 ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 30 വരെ 1,48,256 അംഗങ്ങളെ പങ്കെടുപ്പിച്ച്‌ 98.22 ശതമാനം പൂര്‍ത്തീകരിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പൊതുജനങ്ങള്‍ക്കിടയിലും അംഗങ്ങള്‍ക്കിടയില്‍ തന്നെയും കൂടുതല്‍ മനസിലാക്കാന്‍ തിരികെ സ്‌കൂളിലേക്ക് കാംപെയ്‌നിലൂടെ സാധിച്ചു. ഭാവിയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയുടെ ഭാഗമായി ചെയ്യാന്‍ കഴിയുമെന്ന് തിരിച്ചറിയാനും കാംപെയ്ന്‍ സഹായകമായി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. ഷിബു ഡോക്യുമെന്റേഷന്‍ പ്രകാശനം നടത്തി. ബ്ലോക്ക് തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച സിഡിഎസ്സുകള്‍ക്കുള്ള പുരസ്‌കാര വിതരണവുംചടങ്ങില്‍നടന്നു. റാന്നിബ്ലോക്കില്‍ റാന്നി അങ്ങാടി സിഡിഎസും കോന്നി ബ്ലോക്കില്‍ പ്രമാടം സിഡിഎസും മല്ലപ്പള്ളി ബ്ലോക്കില്‍ ആനിക്കാട് സിഡിഎസും കരസ്ഥമാക്കി.

കോയിപ്രം ബ്ലോക്കില്‍ ഇരവിപേരൂരും ഇലന്തൂര്‍ ബ്ലോസിക്കില്‍ മലപ്പുഴശ്ശേരിയും മികച്ച സിഡിഎസ് പട്ടം കൈവരിച്ചപ്പോള്‍ പറക്കോട് ബ്ലോക്കില്‍ ഏനാദിമംഗലവും പുളിക്കീഴ് ബ്ലോക്കില്‍ കടപ്രയും മികച്ച സിഡിഎസുകളായി തെരഞ്ഞെടുക്കപ്പെട്ടു. മുനിസിപ്പാലിറ്റി തലത്തില്‍ തിരുവല്ല ഈസ്റ്റ് ഒന്നാമതായി. സ്‌പെഷ്യല്‍ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള അംഗീകാരം ഗവി (സീതത്തോട് സിഡിഎസ്) യും പന്തളം മുനിസിപ്പാലിറ്റിയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അയല്‍ക്കൂട്ടവും സ്വന്തമാക്കി.

പരിപാടിയുടെ ഭാഗമായി നൃത്തസംഗീത കലാവിരുന്നും സംഘടിപ്പിച്ചു. പ്രശസ്ത ഗായിക ദേവനന്ദ രാജീവ് സംഗീതവിരുന്ന് നയിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്ക്, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എസ്. ആദില, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മായ മധു, കുടുംബശ്രീ പ്രവര്‍ത്തകര്‍, സിഡിഎസ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.