തിരുവല്ല: കവിയൂര്‍ സ്വദേശിയായ യുവാവിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ സംഘാങ്ങളായ നാലുപേര്‍ പിടിയില്‍. കവിയൂര്‍ സ്വദേശിയായ വിദേശ മലയാളി നല്കിയ ക്വട്ടേഷന്‍ പ്രകാരമായിരുന്നു ആക്രമണമെന്നു പോലീസ് പറഞ്ഞു.
മാവേലിക്കര നൂറനാട് പടനിലം അരുണ്‍ നിവാസില്‍ അനില്‍കുമാര്‍ (അക്കു-30), കാര്‍ത്തികപ്പള്ളി ചെറുതന ഇലഞ്ഞിക്കല്‍ വീട്ടില്‍ ജി. യദുകൃഷ്ണന് (-വിഷ്ണു26), വിയപുരം കാരിച്ചാല്‍ കൊച്ചിക്കാട്ടില്‍ വീട്ടില്‍ കെ.ഡി. സതീഷ്കുമാര്‍ (43), അമ്ബലപ്പുഴ കരുമാടി സംഗീത മന്ദിരത്തില്‍ ഷമീര്‍ ഇസ്മയില്‍ (റോയി-32) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കവിയൂര്‍ പഴംമ്ബള്ളി തുണ്ട്പറമ്ബില്‍ വീട്ടില്‍ മനീഷ് വര്‍ഗീസി(38)നെയാണ് ഇവര്‍ ആക്രമിച്ചത്. തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദിന്റെ നിര്‍ദേശ പ്രകാരം സി.ഐ. സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണു പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ 12-ന് ഉച്ചകഴിഞ്ഞ് നാലുമണിയോടെ കവിയൂര്‍ പഴംപള്ളി ജങ്ഷന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. വഴിയരികില്‍ കാറില്‍ കാത്തുകിടന്ന സംഘം ബൈക്കില്‍ എത്തിയ മനീഷിന്റെ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ സഞ്ചരിച്ചിരുന്ന മാരുതിഓള്ട്ടോ കാറിന്റെ അവ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. നൂതന സാങ്കേതിക വിദ്യയായ ഫോറന്‍സിക് വീഡിയോ അനാലിസിസ് സംവിധാനം ഉപയോഗിച്ചാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് കേസിലെ പ്രതിയായ അനില്‍കുമാറിന്റെ കൊടുമണ്‍ നെടുമണ്‍ കാവിന് സമീപത്തെ വീട്ടില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മനേഷ് വര്‍ഗീസ് അടങ്ങുന്ന നാലംഗ സംഘം രണ്ടു വര്‍ഷം മുമ്ബ് കവിയൂരില്വച്ച് ഇപ്പോഴത്തെ കേസില്‍ ക്വട്ടേഷന്‍ നല്കിയ കവിയൂര്‍ സ്വദേശിയായ വിദേശ മലയാളിയെ ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ മനീഷിനെ ആക്രമിക്കാന്‍ വിദേശമലയാളി ക്വട്ടേഷന്നല്കുകയായിരുന്നു.
പ്രത്യേക സ്ക്വാഡ് അംഗങ്ങളായ സീനിയര്‍ സി.പി.ഒമാരായ അഖിലേഷ്, ഉദയ ശങ്കര്‍, മനോജ്, സി.പി.ഒ. അവിനാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ക്വട്ടേഷന്‍ നല്കിയ വിദേശ മലയാളിയടക്കമുള്ള ആളുകള്‍ ഇനിയും പിടിയിലാവാനുണ്ടെന്നും പിടിയിലായ പ്രതികള്‍ വധശ്രമം അടക്കം ഒട്ടനവധി കേസുകളില്‍ പ്രതികളാണെന്നും പോലീസ് പറഞ്ഞു