വോട്ടെടുപ്പ്: കമീഷന്റെ വാര്‍ത്താസമ്മേളനമില്ല

വോട്ടെടുപ്പ്: കമീഷന്റെ വാര്‍ത്താസമ്മേളനമില്ല
alternatetext

ന്യൂഡല്‍ഹി: മൂന്നുഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടും പോള്‍ ചെയ്ത വോട്ടുകളുടെ സമ്ബൂർണ വിവരം പുറത്തുവിടാത്തതിലും തെരഞ്ഞെടുപ്പ് കമീഷൻ വാര്‍ത്താസമ്മേളനം നടത്താത്തതിലും ആശങ്ക പ്രകടിപ്പിച്ച്‌ പ്രസ് ക്ലബ് ഒഫ് ഇന്ത്യ. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആഘോഷമാണ്. തെരഞ്ഞെടുപ്പ് ദിനത്തില്‍ എന്ത് സംഭവിച്ചുവെന്ന് ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനില്‍നിന്ന് രാജ്യത്തെ പൗരന്മാർക്ക് അറിയാൻ അവകാശമുണ്ടെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ കമീഷന് അയച്ച കത്തില്‍ വ്യക്തമാക്കി.

മുമ്ബ് ഇതായിരുന്നില്ല സ്ഥിതി. 2019 വരെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒരോ ഘട്ടം കഴിയുമ്ബോഴും കമീഷൻ വാർത്താസമ്മേളനം വിളിച്ച്‌ വോട്ടുചെയ്തവരുടെ എണ്ണവും പോളിങ് ശതമാനവും കൃത്യമായി അറിയിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്ക് മറുപടി ലഭിക്കുന്നതിനാല്‍ കൃത്യമായി വിവരം ജനങ്ങളില്‍ എത്തിക്കാൻ സാധിച്ചു.

എന്നാല്‍, ഇത്തവണ മൂന്ന് ഘട്ട വോട്ടെടുപ്പ് പൂർത്തിയായിട്ടും വാർത്താസമ്മേളനം നടത്താൻ കമീഷൻ തയാറായിട്ടില്ല. മാധ്യമപ്രവർത്തകർക്ക് സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടെങ്കില്‍ അത് ദുരീകരിച്ച്‌ കൃത്യമായ വിവരം നല്‍കാൻ എല്ലാ വോട്ടെടുപ്പിനു ശേഷവും വാര്‍ത്താസമ്മേളനം നടത്തണമെന്നും പോളിങ് വിവരം കൃത്യമായി പുറത്തുവിടണമെന്നും പ്രസ്‌ ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.