കൊച്ചി : കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ഇത്തവണയും കവര് എന്ന് വിളിക്കുന്ന ബയോലൂമിന സെൻസ് പ്രതിഭാസം എത്തിയിട്ടുണ്ട്. മലയാളത്തിൽ 2019 ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തെ തുടർന്നാണ് സമൂഹമാധ്യമങ്ങളിലും മറ്റുമായി കവര് എന്ന നീലവെളിച്ചം എന്താണെന്ന് പ്രചരിച്ചത്. പതിവുപോലെ ഇത്തവണയും കൊച്ചിയിലെ കായലുകളിലും തോടുകളിലും കവര് പൂത്തുതുടങ്ങിയിട്ടുണ്ട്. കവര് പൂക്കുന്ന സമയത്ത് രാത്രികളിൽ വെള്ളം ഇളക്കിയാൽ മനോഹരമായ നീല നിറമായി മാറും. ഇത് കാണാനാണ് ആളുകളെത്തുന്നത്.
ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസത്തെ ആണ് ‘കവര്’ എന്ന് വിളിക്കുന്നത് . ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്. ‘തണുത്ത വെളിച്ചം’ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഇതേ പ്രതിഭാസം തന്നെയാണ് മിന്നാമിനുങ്ങിന്‍റെ പ്രകാശത്തിന് കാരണവും. ചെങ്കടലിന്റെ ചുവപ്പുനിറത്തിനു കാരണം.
മാര്‍ച്ച് മാസത്തോടുകൂടിയാണ് കവര് പ്രത്യക്ഷപ്പെടുക. ഏപ്രില്‍, മെയ് മാസങ്ങളിലും രാത്രികളില്‍ കവര് കാണാന്‍ സാധിക്കും. എന്നാൽ കവര് കാണാൻ എത്തുന്നവർ പരിസരം മറന്ന് പെരുമാറരുത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. വെള്ളത്തിലും മറ്റും കവര് കാണാനെത്തുന്നവർ അപകടത്തിൽപ്പെടാതെ സൂക്ഷിക്കണമെന്നും പ്രദേശവാസികൾ പറയുന്നു.
സിനിമ, മാധ്യമങ്ങൾ, സോഷ്യൽ മീഡിയ മുതലായവ വഴി പുറം ലോകം അറിഞ്ഞ കവര് ഇപ്പോൾ ചെല്ലാനം, കുമ്പളങ്ങി, ഇടകൊച്ചി, പെരുമ്പടപ്പ് മുതലായ സ്ഥലങ്ങളിലെ കയൽ, തോട്, ചെമ്മീകെട്ട്, പാട ശേഖരങ്ങളിലും തീര കടലിലും നന്നായി ദൃശ്യമാണ്. തോട്ടപ്പള്ളി , തങ്കശ്ശേരി ഉൾപ്പെടെയുള്ള സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലും സമുദ്രാന്തർ ഭാഗത്തും കവര് ദൃശ്യമാകാറുണ്ട്.
കേരളതീരത്തും ഉൾനാടൻ ജല മേഖലകളിലും കവര് പൂക്കുന്നുണ്ടെങ്കിലും കൊച്ചിയിൽ കവര് പൂക്കുന്നത് എന്നും വാർത്തയാകാറുണ്ട്. ഇപ്പോൾ കൂടുതൽ ഭംഗിയോടെ കവര് കാണാൻ കഴിയും. അടുത്ത പതിനഞ്ച് ദിവസത്തോളം ഇത് നീണ്ടുനിൽക്കും. കുമ്പളങ്ങിയിലേക്കാണ് കവര് പൂക്കുന്നത് കാണാൻ കൂടുതൽ ആളുകളെത്തുന്നത്. എന്നാൽ ഇതേ ഭംഗിയിൽ ചെല്ലാനത്തും കവര് കാണാൻ കഴിയും. കുമ്പളങ്ങി കൊച്ചി നഗരത്തിൽ നിന്നും 10 കിലോ മീറ്റർ മാത്രം മാറിയായതിനാൽ ആളുകൾ കുമ്പളങ്ങിയാണ് തിരഞ്ഞെടുക്കുന്നത്.
ചുരുക്കത്തിൽ പ്രകാശം പുറത്തേയ്ക്ക് വിടുവാനുള്ള പ്രത്യക തരം ജീവി വർഗങ്ങളുടെ കഴിവിനെയാണ് ബയോ ലുമിന സെൻസ് അഥവ ജൈവ പ്രകാശോത്സർജനം എന്ന് പറയുന്നത്.മിന്നാമിനുങ്ങുകൾ പ്രകാശിക്കുന്നത് ബയോ ലുമിനെ സെൻസ് എന്ന രാസ വസ്തു ഉള്ളതിനാലാണ്. ഇതിൽ ഉള്ള ലൂസിഫെറിൻ ഫ്ലൂറസൻ്റ് വൈദ്യുത കാന്തിക വികരണം ആഗിരണം ചെയ്ത് പ്രകാശം പുറപ്പെടുവിക്കും. മനുഷ്യർക്ക് അദൃശ്യമായ അൾട്രാ വയലറ്റ് രശ്മിയെ ആഗിരണം ചെയ്ത് ലൂസി ഫെറിൻ ഉയർന്ന ഊർജത്തിലേയ്ക്ക് മാറ്റുന്നു. 510 മുതൽ 670 നാനോ മീറ്റർ വരെ തരംഗ ദൈർഘ്യമുള്ള പച്ച, മഞ്ഞ, നീല, ഇളം ചുവപ്പ് നിറങ്ങളിൽ ഇവ കാണാം.
ആവശ്യാനുസരണം പ്രകാശം പുറത്ത് വിടുവാനും നിർത്താനുമുള്ള ഡിമ്മർ സ്വിച്ചും ഇവയ്ക്കുണ്ട്. ഒക്സിജൻ നിയന്ത്രിച്ച് കടത്തി വിട്ടു കൊണ്ട് അൾട്രാ വയലറ്റ് രശ്മികളിൽ ഓക്സിഡേഷൻ നടത്തി പ്രകാശം പുറത്ത് വിടുന്നു. കരയിലെ മിന്നാമിനുങ്ങു പോലെ ഉപ്പു വെള്ളത്തിൽ ജീവിക്കുന്ന നോക്ടി ലൂക്ക എന്ന ബാക്റ്റീരിയയുടെ ബയോ ലൂമിന സെൻസ് പ്രവർത്തനമാണ് ഈ തണുത്ത പ്രകാശത്തിനാധാരം. ഇണയെ ആകർഷിക ശത്രുക്കളിൽ നിന്ന് രക്ഷ നേടുക ഇര പിടിക്കുക ഇവയ്ക്ക് ആണ് പ്രകാശം പുറപ്പെടുവിക്കാറുള്ളത്.
ജലത്തിൽ ഇളക്കം തട്ടുമ്പോഴും അവയ്ക്ക് ആവശ്യം ഉള്ളപ്പോഴും അവിടെയുള്ള എല്ലാ നോക്ടി ലൂക്ക ബാക്റ്റീരിയകളും ഒന്നായി ചേർന്ന് പുറപ്പെടുവിക്കുന്ന പ്രകാശമാണ് നമുക്ക് നയന മനോഹരമായ നീല വെളിച്ചം ആയി ദൃശ്യ വിസ്മയം ആകുന്നത്.
ഉപ്പിൻ്റെ സാന്നിധ്യം കടൽ കായൽ ജലത്തിൽ കൂടുന്ന വേനൽ കാലത്ത് മാത്രമാണ് ഈ നീല പ്രകാശം മനുഷ്യൻ്റ നഗ്ന നേത്രങ്ങളാൽ സുവ്യക്തമായി കാണാൻ കഴിയുക. ഉപ്പിൻ്റെ അംശം 30 – 35 പി.പി.ടി (പാർട്ട്സ് പെർ തൗസൻ്റ്, അതായത് ഒരുലിറ്റർ ജലം ചൂടാക്കി വറ്റിച്ചാൽ 30-35 ഗ്രാം ഉപ്പ് ലഭിക്കുക) ആകുമ്പോഴാണ്. സാധാരണ വേനൽ കടുത്ത് ഉപ്പ് കൂടുന്ന ഫെബ്രുവരി മുതൽ ഏപ്രിൽ, മെയ് വരെ കായലുകളിലെ ഒഴുക്ക് കുറഞ്ഞ പ്രദേശങ്ങളിൽ ഇത് നന്നായി കാണാൻ കഴിയും.
ഈ വർഷം വേലിയേറ്റം കൂടുതൽ ആയതിനാൽ താമസിച്ച് മാർച്ച് മാസത്തിലാണ് ഇത് എത്തിയിരിക്കുന്നത്.
ചന്ദ്രൻ്റെ പ്രകാശം ആകാശത്ത് കാണാത്ത നല്ല ഇരുട്ടുള്ള രാത്രി സമയങ്ങളിൽ കായൽ ഓളങ്ങളിലും കടൽ തിര മാലകളിലും ജലത്തെ കൃത്രിമമായി ഇളക്കിയാലും മീൻ ഓടുമ്പോൾ പോലും കവര് എന്ന നീല വെളിച്ചം കാണാനാകും. ആകാശത്ത് ചന്ദ്രൻ്റെ വെളിച്ചം ഒട്ടും ഇല്ലാത്ത സമയങ്ങളിലാണ് കവര് കൂടുതൽ വ്യക്തമാകുക. വെളുത്ത വാവ് കഴിഞ്ഞ് 2 – 3 ദിവസങ്ങൾ മുതൽ കറുത്ത വാവ് കഴിഞ്ഞ് 2- 3 ദിവസം വരെ സന്ധ്യ സമയത്തും കറുത്ത വാവു കഴിഞ്ഞ് നേരം പുലരും മുമ്പും മനോഹരമായി കവര് ദൃശ്യമാകും. സൂഷ്മ ജീവികൾ കൂട്ടമായി പുറപ്പെടുവിക്കുന്ന തണുത്ത ഈ വെളിച്ചം കണ്ണിന് കുളിർമയേകുന്ന ഒന്നാണ്.