വീണ വിജയന് എതിരായ മാസപ്പടി വിവാദത്തില്‍ കേന്ദ്ര അന്വേഷണ നീക്കം അവഗണിക്കാൻ സിപിഎം.

വീണ വിജയന് എതിരായ മാസപ്പടി വിവാദത്തില്‍ കേന്ദ്ര അന്വേഷണ നീക്കം അവഗണിക്കാൻ സിപിഎം.
alternatetext

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് എതിരായ മാസപ്പടി വിവാദത്തില്‍ കേന്ദ്ര അന്വേഷണ നീക്കം അവഗണിക്കാൻ സിപിഎം. ഇന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലായിരുന്നു തീരുമാനം. നേരത്തേയും കേന്ദ്ര ഏജൻസികള്‍ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം വ്യക്തിക്ക് എതിരെയല്ലെന്നും വിശാലമായ രാഷ്ട്രീയ നീക്കമാണെന്നുമാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തല്‍.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ് വൻ വിജയമായെന്നും കമ്മിറ്റി വിലയിരുത്തി. ജില്ലകളില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് കമ്മിറ്റിയില്‍ അവതരിപ്പിച്ചു. ഈ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയ ശേഷമാണ് നവകേരള സദസ് വൻ വിജയമായിരുന്നെന്ന് സിപിഎം വിലയിരുത്തിയത്. നവകേരള സദസില്‍ ലഭിച്ച പരാതികള്‍ സമയബന്ധിതമായി പരിഹാരം കാണാനും നിര്‍ദേശിച്ചു.

കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച്‌ കേന്ദ്രത്തിനെതിരെ ദില്ലി സമരവുമായി മുന്നോട്ട് പോകാനും സി പി എം തീരുമാനിച്ചു. സി പി ഐയോട് കൂടി ആലോചിച്ച്‌ തീയതി തീരുമാനിക്കണമെന്നും സി പി എം സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമായി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്ബനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്ബനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വീണയ്ക്ക് കൊച്ചിൻ മിനറല്‍സ് ആൻഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്ബനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനു പിന്നാലെയാണ് അന്വേഷണം.വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി. നാല് മാസത്തിനുള്ളില്‍ അന്തിമ അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.