പമ്ബയാറ്റില്‍ നടക്കുന്ന ചമ്ബക്കുളം വള്ളംകളിയോടെ കേരളത്തിലെ ഈ വർഷത്തെ ജലോത്സവങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും. മിഥുനമാസത്തിലെ മൂലം നാളിലാണ് ചമ്ബക്കുളം വള്ളംകളി. പത്തനംതിട്ടയിലെ ആറന്മുള ഉതൃട്ടാതി വള്ളംകളി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചമ്ബക്കുളം വള്ളംകളി.
കേരളത്തിലെ വള്ളംകളി മത്സരങ്ങളുടെ സീസണ്‍ ആരംഭിക്കുന്നത് ചമ്ബക്കുളത്ത് തുഴയെറിഞ്ഞാണ്. മത്സരത്തിന് മുന്നോടിയായി കഠിനപരിശീലനം പൂർത്തിയാക്കിയാണ് വള്ളങ്ങള്‍ മത്സരത്തിനിറങ്ങുന്നത്. രാജപ്രമുഖൻ ട്രോഫിക്കായി മത്സരിക്കുന്ന ആറ് ചുണ്ടൻ അടക്കം 8 വള്ളങ്ങളാണ് ഇത്തവണ പങ്കെടുക്കുക. ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ് ആയാപറമ്ബ് വലിയ ദിവാൻജിയിലും കൈനകരി യുബിസി ആയാപറമ്ബ് പാണ്ടി പുത്തൻ ചുണ്ടനിലും മത്സരിക്കും.
കൊല്ലം ജീസസ് ബോട്ട് ക്ലബ് ചെറുതന ചുണ്ടനിലാണ് മത്സരത്തിന് എത്തുന്നത്. കുമരകം എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ കരുത്തില്‍ ചമ്ബക്കുളം ബോട്ട് ക്ലബ് ചമ്ബക്കുളം ചുണ്ടനിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ബലത്തില്‍ ചങ്ങങ്കരി- നടുഭാഗം ക്രിസ്ത്യൻ യൂണിയൻ ചുണ്ടൻ വള്ള സമിതി സെന്റ് ജോർജ് ചുണ്ടനിലും മത്സരിക്കും.
കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരായ നടുഭാഗം ചുണ്ടൻ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ പിന്തുണയില്‍ നടുഭാഗം ബോട്ട് ക്ലബ്ബുമാണ് മത്സരത്തിനായി എത്തിക്കുന്നത്. രാവിലെ 11.30 ന് മഠത്തില്‍ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികാരികള്‍ ആചാരാനുഷ്‌ഠാനങ്ങള്‍ നടത്തും. 1.30 ന് ആലപ്പുഴ കലക്‌ടർ അലക്‌സ് വർഗീസ് പതാക ഉയർത്തും. മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. തോമസ് കെ തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ദേവസ്വം ബോർഡ് അസി കമ്മീഷണർ ആർ ശ്രീശങ്കറും കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക റെക്‌ടർ ഫാദർ ഗ്രിഗറി ഓണംകുളവും ചേർന്ന് ദീപം തെളിയിക്കും. കെ കെ ഷാജു മുഖ്യ പ്രഭാഷണം നടത്തും.
2.30 ന് മാസ് ഡ്രില്‍. വർഗീസ് ജോസഫ് വല്യാക്കല്‍ മാസ്റ്റർ ഓഫ് സെറിമണിയാകും. പി ആർ പത്മകുമാർ പ്രതിജ്ഞയ്ക്കു നേതൃത്വം നല്‍കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്യും. മൂന്ന് മണിക്ക് മത്സരങ്ങള്‍ തുടങ്ങും.
3.40 ന് സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും. 4.50 ന് ചുണ്ടൻ വള്ളങ്ങളുടെ ഫൈനല്‍ മത്സരം. അഞ്ച് മണിക്ക് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും കൊടിക്കുന്നില്‍ സുരേഷ് എം പി നിർവഹിക്കും.