ഇടുക്കി: പീഡനത്തിന് ഇരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ പിതാവിനും മുത്തച്ഛനും നേരെ ആക്രമണം. പെൺകുട്ടിയുടെ മരണത്തിൽ കുറ്റാരോപിതനായ യുവാവിന്റെ പിതൃസഹോദരനായ പാൽരാജാണ് ആക്രമിച്ചത്. ആക്രമണത്തിൽ കുത്തേറ്റ പെൺകുട്ടിയുടെ പിതാവിനെയും, മുത്തച്ഛനെയും വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സക്കു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ വണ്ടിപ്പെരിയാർ ധർമ്മാവലിയിൽ പോയ പെൺകുട്ടിയുടെ പിതാവിന് നേരെ പാൽരാജ് പ്രകോപനപരമായ രീതിയിൽ പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രതി കയ്യിലുണ്ടായിരുന്ന കത്തിയുമായി ആക്രമണം നടത്തിയത്. പ്രതിയെ പിന്നീട് പീരുമേട് ആശുപത്രിയിൽ വച്ച് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വണ്ടിപ്പെരിയാറിൽ പീഢനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുഞ്ഞിൻ്റെ കുടുംബത്തിന് നേരെ കോടതി വെറുതേ വിട്ട പ്രതിയുടെ ബന്ധുക്കളുടെ ആക്രമണം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതും നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതും അപഹസിക്കുന്നതുമാണെന്ന് മുൻ പീരുമേട് എംഎൽഎ ബിജിമോൾ മാധ്യമങ്ങളോടു പറഞ്ഞു.