വനംമന്ത്രിക്ക്‌ ആ സ്‌ഥാനത്ത്‌ തുടരാന്‍ യോഗ്യതയില്ല; രാജിവയ്‌ക്കണം: വി.ഡി. സതീശന്‍

വനംമന്ത്രിക്ക്‌ ആ സ്‌ഥാനത്ത്‌ തുടരാന്‍ യോഗ്യതയില്ല; രാജിവയ്‌ക്കണം: വി.ഡി. സതീശന്‍
alternatetext

കാര്‍ഷിക മേഖലയിലെ 30 ലക്ഷത്തോളം ജനങ്ങളുടെ ജീവനും അവരുടെ കാര്‍ഷിക ഉല്‍പന്നങ്ങളുമാണ്‌ വന്യജീവി ആക്രമണത്തിന്‌ ഇരയാകുന്നത്‌. എന്നിട്ടും സര്‍ക്കാര്‍ നോക്കുകുത്തിയായി നിൽക്കുകയാണെന്നും മാനന്തവാടിയില്‍ ആനയുടെ കുത്തേറ്റ്‌ ഒരാള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നു പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലയില്‍ കടുവയുടെ ഭീഷണിയുണ്ടെന്ന വിഷയം നിയമസഭയില്‍ അവതരിപ്പിച്ച എം.എല്‍.എ ആക്ഷേപിക്കുന്ന രീതിയിലാണ്‌ വയനാട്‌ ജില്ലയുടെ ചാര്‍ജുള്ള വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ സംസാരിച്ചത്‌. ആനയെ ട്രാക്ക്‌ ചെയ്യുന്നതില്‍ വനം വകുപ്പ്‌ പരാജയപ്പെട്ടതാണ്‌ ഒരാളുടെ ജീവന്‍ നഷ്‌ടമാക്കിയത്‌. ഒന്നും ചെയ്യാതെ മനുഷ്യരെ വനം വകുപ്പും വകുപ്പ്‌ മന്ത്രിയും വന്യമൃഗങ്ങള്‍ക്ക്‌ എറിഞ്ഞു കൊടുക്കുകയാണ്‌. വനംമന്ത്രിക്ക്‌ ആ സ്‌ഥാനത്ത്‌ തുടരാന്‍ യോഗ്യതയില്ല. രാജിവയ്‌ക്കണമെന്നാണ്‌ ആവശ്യപ്പെടുന്നത്‌.

വിഷയം നിയമസഭയില്‍ അവതരിപ്പിക്കുമ്ബോള്‍ നടപടി സ്വീകരിക്കാതെ യാന്ത്രികമായ മറുപടിയാണു മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്‌. വന്യജീവി സംഘര്‍ഷത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്‌ടപരിഹാരം പോലും നല്‍കുന്നില്ല. കര്‍ഷകരുടെ സങ്കടങ്ങള്‍ കാണാതെ കണ്ണും കാതും മൂടി വച്ചിരിക്കുന്ന സര്‍ക്കാരാണിത്‌. ബജറ്റില്‍ പോലും ഇതു സംബന്ധിച്ച നിര്‍ദേശങ്ങളില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.